ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം റദ്ദാക്കി സുപ്രീംകോടതി. മദ്രാസ് ഹൈകോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. തമിഴ്നാട് സര്‍ക്കാറിന്റെ ഉത്തരവ് ഭരണഘടന വിരുദ്ധവും സമത്വമെന്ന ആശയത്തിന് എതിരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10.5 ശതമാനം സംവരണം വണ്ണിയാര്‍ സമുദായത്തിന് നല്‍കാനായിരുന്നു തീരുമാനം. എ.ഐ.ഡി.എം.കെ സര്‍ക്കാറാണ് പിന്നാക്കക്കാരില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം പ്രത്യേക സംവരണം കൊണ്ടു വരാന്‍ തീരുമാനിച്ചത്.
ആര്‍ട്ടിക്കള്‍ 14,15,16 തുടങ്ങിയവയുടെ ലംഘനമാണ് അണ്ണാ ഡി.എം.കെ സര്‍ക്കാറിന്റെ ഉത്തരവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബായിരുന്നു വണ്ണിയാര്‍ സമുദായത്തിന് പ്രത്യേക സംവരണം നല്‍കാനുള്ള തീരുമാനം അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ പട്ടാളി മക്കള്‍ കക്ഷിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരമൊരു നിയമം പാസാക്കാന്‍ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടെന്നും മദ്രാസ് ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പാര്‍ട്ടിയുടെ ആവശ്യം.