ചെന്നൈ: അണ്ണാ ഡി.എം.കെയിലെ എടപ്പാടി പളനിസാമി (ഇ.പി.എസ്)-ഒ. പന്നീര്‍ശെല്‍വം (ഒ.പി.എസ്) തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് മൂന്നാഴ്ചക്കകം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.അതുവരെ സംഘടനപരമായ വിഷയങ്ങളില്‍ തല്‍സ്ഥിതി തുടരാന്‍ ഇരു വിഭാഗങ്ങളോടും ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.ജൂലൈ 11ന് ഇ.പി.എസ് വിഭാഗം ചെന്നൈയില്‍ വിളിച്ചുകൂട്ടിയ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഒ.പി.എസിനെ പുറത്താക്കിയിരുന്നു.
സംഘടനയിലെ ഇരട്ട നേതൃസംവിധാനം അവസാനിപ്പിക്കുകയും ഇ.പി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.സംഘടന വിരുദ്ധ പ്രവര്‍ത്തനമാണ് ഒ.പി.എസിനെ പുറത്താക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് ഒ.പി.എസ് സുപ്രീംകോടതിയെ സമീപിച്ചത്.
തുടര്‍ന്ന് തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇ.പി.എസും ഹരജി സമര്‍പ്പിച്ചു.മദ്രാസ് ഹൈകോടതി തീര്‍പ്പുണ്ടാവുന്നതുവരെ ജൂലൈ 11ന് മുമ്ബുള്ള തല്‍സ്ഥിതി തുടരണമെന്ന ഒ.പി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഈയിടെ ക്രമസമാധാന പ്രശ്നത്തിന്‍റെ പേരില്‍ ആര്‍.ഡി.ഒ അടച്ചുപൂട്ടി മുദ്രവെച്ച ചെന്നൈ റോയപേട്ടയിലെ പാര്‍ട്ടി ആസ്ഥാന ഓഫിസായ ‘എം.ജി.ആര്‍ മാളികൈ’ ഇ.പി.എസിന് തുറന്നുകൊടുക്കാന്‍ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു.ഇതുവരെയുണ്ടായ കോടതി ഉത്തരവുകളെല്ലാം പ്രതികൂലമായത് ഒ.പി.എസ് വിഭാഗത്തിന് തിരിച്ചടിയായിരിക്കയാണ്.