കോട്ടയം: കേരളത്തിലെ കോഴികര്‍ഷകരുടെ വയറ്റത്തടിച്ച് തമിഴ്നാട്ടിില് നിന്നുള്ള വില കുറഞ്ഞ നാടന്‍ മുട്ട വിപണി പിടിക്കുന്നു. നേരത്തെ തമിഴ്നാട്ടില്‍ നിന്ന് വെള്ള ലഗോണ്‍ മുട്ടകളായിരുന്നു കേരളത്തില്‍ എത്തിയിരുന്നത് . ഇപ്പോള്‍ നാടന്‍ മുട്ടയുടെ നിറമുള്ള തവിട്ടു മുട്ട വില കുറച്ച് തമിഴ്നാട്ടില്‍ നിന്ന് വരാന്‍ തുടങ്ങി. ഇതോടെ വില കൂടിയ കേരളത്തിലെ നാടന്‍ മുട്ടയ്ക്ക് ഡിമാന്‍ഡില്ലാതായി.
കൊവിഡ് കാലത്ത് കേരളത്തില്‍ കൂടുതല്‍പേര്‍ കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞു. മൃഗസംരക്ഷണ വകുപ്പു വഴി രണ്ടു മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ 250 രൂപയ്ക്ക് നല്‍കിയിരുന്നു. കോഴിക്കൂട് നിര്‍മിക്കുന്നതിന് പഞ്ചായത്തുകളുടെ സഹായവും സബ്സിഡിയും ലഭിച്ചു. ഇത് വിദേശത്ത് നിന്ന് ജോലി മതിയാക്കി വന്നവര്‍വരെ കോഴികൃഷിയിലേക്ക് തിരിയാന്‍ ഇടയാക്കി.
ഗ്രാമശ്രീ, കൈരളി, ബി.വി. 380 ഇനം കോഴി കുഞ്ഞുങ്ങളെയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ബി.വി .380 ദിവസവും മുട്ട ഇടുന്നതിനാല്‍ ഇതിനായി പ്രിയം. ലഗോണ്‍ മുട്ടയ്ക്ക് ആറ് രൂപ വരെ വിലയുള്ളപ്പോള്‍ നാടന്‍ മുട്ടയ്ക്ക് എട്ടുരൂപ വരെ കിട്ടിയിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള തവിട്ടു നിറമുള്ള മുട്ടയ്ക്കും ലഗോണ്‍ മുട്ടയുടെ വില കൊടുത്താല്‍ മതി. അതോടെ രണ്ടു രൂപ കൂടുതലുള്ള നാടന്‍ മുട്ട ആര്‍ക്കും വേണ്ടാതായി.
കോഴിത്തീറ്റ വിലകൂടി
തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും കോഴിത്തീറ്റ എത്തുന്നത്. കോഴിത്തീറ്റക്കു പകരം സമീകൃത ആഹാരം നല്‍കാമെങ്കിലും മുട്ടയുടെ എണ്ണം കുറവാകുന്നതിനാല്‍ കര്‍ഷകര്‍ക്ക് താത്പര്യമില്ല . റേഷന്‍ കടകളില്‍ ഗോതമ്ബു വിതരണവും നിലച്ചതോടെ കോഴിത്തീറ്റയെ മാത്രമാണ് ആശ്രയിക്കുന്നത്.
900 രൂപയായിരുന്ന 50 കിലോ കോഴിത്തീറ്റയ്ക്ക് 1430 രൂപ വരെ തമിഴ്നാട് വര്‍ദ്ധിപ്പിച്ചു. ഈ നിലയ്ക്ക് ഒരു മുട്ടയ്ക്ക് ആറ് രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതിരിക്കൂ. എന്നാല്‍ തമിഴ്നാട് മുട്ട അഞ്ചു രൂപയ്ക്ക് വിപണിയിലുള്ളപ്പോള്‍ അതിനോട് മല്സിക്കാനാവാത്ത സ്ഥിതിയാണ്.
കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറയുന്നു. കോഴിത്തീറ്റ വില പിടിച്ചു നിറുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. മുട്ട സംഭരിക്കാനും മൃഗസംരക്ഷണ വകുപ്പ് വഴി വില്‍ക്കാനും തയ്യാറാകണം. സ്കൂള്‍ കുട്ടികള്‍ക്ക് മുട്ട വിതരണംചെയ്യുന്ന പദ്ധതി പുനരാരംഭിച്ചാല്‍ കോഴി കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കാന് കഴിയും.