തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: തമിഴ്‌നാട്ടില്‍ നഗര പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നേറ്റം. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഒമ്പത് മാസത്തെ ഭരണം വിലയിരുത്തുന്നതാകും തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു നിരീക്ഷണം. ജനങ്ങള്‍ ഡിഎംകെയെ കൈവിട്ടിട്ടില്ലെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും ചില സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. പ്രതിപക്ഷമായ എഐഎഡിഎംകെയുമായുള്ള സഖ്യം വിട്ടാണ് ബിജെപി ഇത്തവണ മല്‍സരിച്ചത് എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന നഗര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 60 ശതമാനമായിരുന്നു. നടന്‍ വിജയുടെ ആരാധകര്‍ മല്‍സരിക്കുന്നുണ്ട്. കൂടാതെ എസ്ഡിപിഐയും മല്‍സര രംഗത്ത് സജീവമായിരുന്നു.
ഡിഎംകെ തൂത്തുവാരുമെന്നാണ് ആദ്യ ഫല സൂചനകളില്‍ വ്യക്തമാകുന്നത്. 21 കോര്‍പറേഷനുകള്‍, 138 മുന്‍സിപ്പാലിറ്റികള്‍, 489 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 218 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിഎംകെയുടെ നാല് അംഗങ്ങള്‍ കോര്‍പറേഷനിലേക്ക് ജയിച്ചതും ഇതില്‍പ്പെടും. മുന്‍സിപ്പാലിറ്റികളിലേക്ക് 18 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ 15 പേര്‍ ഡിഎംകെ അംഗങ്ങളാണ്. ബാക്കി മൂന്ന് പേര്‍ സ്വതന്ത്രരും.
11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 53 സീറ്റുകളില്‍ ഡിഎംകെ സഖ്യം ജയിച്ചു. ആറ് സീറ്റുകളില്‍ എഐഎഡിഎംകെയും. ഏഴ് സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. മുന്‍സിപ്പാലിറ്റികളിലെ 344 വാര്‍ഡുകളിലെ ഫലം പുറത്തുവന്നു. ഇതില്‍ 253 സീറ്റുകളില്‍ ഡിഎംകെ ജയിച്ചു. എഐഎഡിഎംകെയ്ക്ക് 71 സീറ്റ് കിട്ടി. ബിജെപിയും ഡിഎംഡികെയും മൂന്ന് വീതം സീറ്റുകളില്‍ ജയിച്ചു. ഫലം പ്രഖ്യാപിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 1236 സീറ്റുകളില്‍ ഡിഎംകെ സഖ്യമാണ് ജയിച്ചത്. എഐഎഡിഎംകെയ്ക്ക് 334 സീറ്റുകള്‍ കിട്ടി. ബിജെപിക്ക് 26 സീറ്റുകളും ഡിഎംഡികെയ്ക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. മല്‍സരിച്ച സീറ്റുകളില്‍ 22 വാര്‍ഡുകളില്‍ ഇതുവരെ സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഡിഎംകെ സഖ്യത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലം ലീഗും. എസ്ഡിപിഐ 22 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. നടന്‍ വിജയിയുടെ ആരാധകരും ഇത്തവണ ശ്രദ്ധേയമായ മല്‍സരം നടത്തുന്നുണ്ട്. പുതുക്കോട്ടയില്‍ ഉള്‍പ്പെടെ ചില സീറ്റുകളില്‍ ഇവര്‍ ജയിച്ചു. നേരത്തെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം വിജയ് ഫാന്‍സ് നേടിയുരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.