Home Featured വട്ടവടയില്‍ ടൂറിസത്തിന് തിരിച്ചടിയായി തമിഴ്നാട് സര്‍ക്കാരിന്‍റെ ടോള്‍ പിരിവ്

വട്ടവടയില്‍ ടൂറിസത്തിന് തിരിച്ചടിയായി തമിഴ്നാട് സര്‍ക്കാരിന്‍റെ ടോള്‍ പിരിവ്

by jameema shabeer

മൂന്നാർ: ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് വട്ടവട. എന്നാല്‍ വട്ടവട മേഖലയിലെ ടൂറിസത്തിന് തിരിച്ചടിയായിരിക്കുകയാണ് ടോപ് സ്‌റ്റേഷനിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ച ചെക് പോസ്റ്റ്. അതിര്‍ത്തിയില്‍ പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങളിൽ നിന്നും ടോൾ പിരിവ് ആരംഭിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. മൂന്നാർ – വട്ടവട പാതയിൽ തമിഴ്നാടിന്‍റെ അധീനതയിലുള്ള ടോപ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കാൻ ആരംഭിച്ചത്.

തേനി ജില്ലയിൽ പെട്ട ബോഡി നായ്ക്കന്നൂർ പഞ്ചായത്ത് യൂണിയനു കീഴിലുള്ള കൊട്ടക്കുടി പഞ്ചായത്താണ് ചെക് പോസ്റ്റ് സ്ഥാപിച്ച് പിരിവ് തുടങ്ങിയത്. ബസ്, ലോറി (100),വാൻ, ട്രാക്ടർ (75), ഓട്ടോ, കാർ (30), ഇരുചക്രവാഹനങ്ങൾ (10) എന്നിങ്ങനെയാണ് നിരക്കുകൾ. മൂന്നാർ – വട്ടവട പാതയിൽ പെട്ട ടോപ് സ്റ്റേഷൻഭാഗത്തെ എട്ടുകിലോ മീറ്റർ ദൂരം തമിഴ്നാട് സർക്കാരിന്‍റേതാണ്. ഇവിടെയാണ് വട്ടവട, ടോപ് സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തടഞ്ഞ് ടോൾ പിരിവ് ആരംഭിച്ചത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വട്ടവട, ടോപ് സ്റ്റേഷൻ എന്നിവടങ്ങൾ സന്ദർശിക്കുന്നതിനായി ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് സഞ്ചാരികളുമായി ഇതുവഴി കടന്നു പോകുന്നത്. പുതിയ ടോള്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ വാങ്ങില്ലെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും പലരിൽ നിന്നും രണ്ടു ദിവസമായി പണം വാങ്ങുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ചെക് പോസ്റ്റും ടോൾ പിരിവും നിർത്തണമെന്നാവശ്യപ്പെട്ട് വട്ടവട പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്യത്തിൽ കൊട്ടക്കുടി പഞ്ചായത്ത് ഭരണസമിതിക്ക് കത്തുനൽകി. അതിര്‍ത്തിയില്‍ സ്ഥാപിച്ച ചെക് പോസ്റ്റും ടോൾ പിരിവും പിൻവലിക്കാത്ത പക്ഷം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് വട്ടവട പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp