ചെന്നൈ: നീലഗിരിയില്‍ വിഷം നല്‍കി രണ്ട് കടുവകളെ കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശേഖര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വനം വകുപ്പ് അറിയിച്ചു.കടുവകളുടെ ജഡം കണ്ടെത്തിയതിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിരുന്നു. സാമ്ബിളുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തു. വിഷം ഉള്ളില്‍ ചെന്നാണ് കടുവകള്‍ ചത്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നീലഗിരിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് കടുവകള്‍ ചത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശേഖറിന്റെ പശുവിന്റെ ജഡം കണ്ടെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിയിരുന്നു. പശുവിന്റെ ജഡത്തില്‍ കീടനാശിനി കലര്‍ത്തുകയും അത് കഴിച്ചതിനെ തുടര്‍ന്നാണ് കടുവകള്‍ ചത്തതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.
എമറാള്‍ഡ് ഗ്രാമത്തില്‍ താമസിക്കുന്ന ശേഖറിന്‍റെ പശുവിനെ 10 ദിവസം മുന്‍പാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പശുവിന്‍റെ ജഡം കണ്ടെത്തി. ഏതോ വന്യമൃഗം പശുവിനെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ശേഖര്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. പശുവിനെ കൊന്ന മൃഗം അതിനെ ഭക്ഷിക്കാന്‍ വീണ്ടും വരുമെന്ന ധാരണയില്‍ പശുവിന്‍റെ ജഡത്തില്‍ ശേഖര്‍ കീടനാശിനി പ്രയോഗിച്ചു. ഇതോടെ രണ്ട് പെണ്‍ കടുവകളാണ് ചത്തത്.
ശേഖറിന്‍റെ പശുവിനെ കാണാതായ സംഭവം പ്രദേശവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടര്‍ന്ന് ശേഖറിനെ ചോദ്യംചെയ്തു. അയാള്‍ കുറ്റം സമ്മതിച്ചു. നീലഗിരി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയാണ് ശേഖറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.