തിരുനെല്‍വേലി സ്വദേശിയായ തിരുമാരന് അന്‍പത്തിയാറു വയസായി. സ്വന്തം അച്ഛനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളൊന്നും തന്നെ തിരുമാരന്റെ മനസിലില്ല.മലേഷ്യയിലെ ഒരു സ്കൂളില്‍ തന്റെ അച്ഛന്‍ കെ രാമസുന്ദരം പഠിപ്പിച്ചിരുന്നു എന്നും താന്‍ ജനിച്ച് ആറു മാസത്തിനുശേഷം അവിടെവച്ച് മരിച്ചുവെന്നും അദ്ദേഹം കേട്ടിട്ടുണ്ട്.
തിരുനെല്‍വേലി ജില്ലയിലെ വെങ്കടംപട്ടി ഗ്രാമത്തിലെ ആക്ടിവിസ്റ്റായ പി തിരുമാരന്‍ കഴിഞ്ഞ കുറേ നാളുകളായി തന്റെ പിതാവിന്റെ ശവകുടീരം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
തന്റെ അച്ഛന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും തിരുമാരന് ചില വിവരങ്ങള്‍ ലഭിച്ചു. ”1967-ല്‍ അസുഖം ബാധിച്ച് മരിക്കുമ്ബോള്‍ എന്റെ അച്ഛന് 37 വയസായിരുന്നു പ്രായം. അമ്മ രാധാഭായി അദ്ദേഹത്തെ അവിടെ സംസ്‌കരിച്ചു. പിന്നീട് ഞാനും അമ്മയും തിരികെ ഇന്ത്യയിലേക്കെത്തി. അമ്മ 35 വര്‍ഷം മുന്‍പ് മരിച്ചു”, തിരുമാരന്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അച്ഛനെ എവിടെയാണ് അടക്കം ചെയ്‌തിരിക്കുന്നതെന്ന് കണ്ടെത്താന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേഷ്യയില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന സ്കൂള്‍ എനിക്കറിയാമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അത് പൊളിച്ച് സ്‌കൂള്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഗൂഗിള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ഞാന്‍ കണ്ടെത്തി. പ്രധാനാധ്യാപകന്‍ കുമാര്‍ ചിദംബരത്തിന്റെ ഇമെയില്‍ വിലാസവും എനിക്ക് ലഭിച്ചു. എന്റെ പിതാവിന്റെ ശവകുടീരം കണ്ടെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞു”, തിരുമാരന്‍ പറഞ്ഞു.
രാമസുന്ദരത്തിന്റെ മുന്‍ വിദ്യാര്‍ത്ഥികളായ മോഹന റാവു, നാഗപ്പന്‍ എന്നിവരുമായി ചിദംബരം ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരുവരും നടത്തിയ അന്വേഷണത്തില്‍ കെര്‍ലിങ്ങില്‍ തങ്ങളുടെ അധ്യാപകന്റെ ശവകുടീരം കണ്ടെത്തി. അക്കാര്യം തിരുമാരനെ അറിയിക്കുകയും ചെയ്തു.
നവംബര്‍ 8 ന് ഞാന്‍ മലേഷ്യയിലേക്ക് പറന്നു. ഒരു കുറ്റിക്കാട്ടില്‍ നശിച്ച അവസ്ഥയില്‍ എന്റെ പിതാവിന്റെ ശവകുടീരം കണ്ടു. എങ്കിലും അതില്‍ അദ്ദേഹത്തിന്റെ ചിത്രവും പേരും ജനന, മരണ തീയതികളും ഉണ്ടായിരുന്നു. നവംബര്‍ 16 ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്ബ് ഞാന്‍ നിരവധി തവണ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിച്ചു’, തിരുമാരന്‍ പറഞ്ഞു.