ചെന്നൈ| കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. അവതരിപ്പിച്ച ശേഷം പ്രമേയം ഏകകണ്ഠമായി പാസാക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടു. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ബിജെപി എംഎല്‍എ വാനതി ശ്രീനിവാസന്‍, നദികളുടെ ദേശസാല്‍ക്കരണത്തിനും അണക്കെട്ട് സുരക്ഷാ നിയമത്തിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു.
18 കോണ്‍ഗ്രസ് എംഎല്‍എമാരും പ്രമേയത്തെ പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിജയധരണി വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനെതിരായി നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു. കൂടാതെ ഡിഎംകെ കര്‍ണാടക നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ക്ലിപ്പ് അണ്ണാമലൈ എക്സില്‍ പങ്കുവെച്ചു.