ചെന്നൈ : ആശങ്കയായി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന. ചെന്നൈയിൽ മാത്രം രോഗികളുടെ എണ്ണം ആയിരത്തഞ്ഞൂറിനടുത്തെത്തി. സംസ്ഥാനത്ത് 600ലേക്കു താന്നിരുന്ന പ്രതിദിന പോസിറ്റീവ് എണ്ണം 2700നു മുകളിലെത്തി. തമിഴ്നാട്ടിൽ 121 പേരിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരിൽ പകുതിയിലേറെയും ചെന്നൈയിലാണെന്നതാണ് നഗരവാസികളെ ആശങ്കയിലാക്കുന്നത്.
40,000ത്തിനടുത്ത് തെരുവുകളുള്ള നഗരത്തിലെ 1158 തെരുവുകളിലും നിലവിൽ കോവിഡ് ബാധിതരുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. അഞ്ചിലേറെ രോഗികളുള്ള 51 തെരുവുകൾ നഗരത്തിലുണ്ട്. തേനാംപെട്ട് സോണിലാണ് ഏറ്റവും കൂടുതൽ പോസിറ്റിവായവരുള്ളത്. ഇവിടെ മാത്രം 228 തെരുവുകളിൽ കോവിഡ് ബാധിതരുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബ ന്ധിച്ച് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് രോഗവ്യാപനത്തിൽ കാര്യമായ പങ്കു വഹിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്. പുതുവർഷ ദിനത്തിൽ ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ പിടിവിട്ടു പോകുന്ന അവസ്ഥയിലേക്കു നീങ്ങിയേനെ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നീക്കത്തിലണ് അധികൃതർ. രോഗ വ്യാപനം കുറഞ്ഞതോടെ മാസ്ക് ധരിക്കുന്നതിലും അകലം പാലിക്കുന്നതിലും നഗരവാസികളുടെ ജാഗ്രത കുറഞ്ഞിരുന്നു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നഗരവാസികളെ ബോധവൽക്കരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങി. അണ്ണാശാലയിൽ മാസ്ക് ധരിക്കാത്തയാളെ കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി അയാൾക്ക് മാസ്ക് നൽകിയതിനു പുറമേ കുറച്ചു ദൂരം നടന്ന് വഴിയാത്രക്കാരെ മാസ്ക് ധരിക്കാൻ പ്രോത്സാഹിപ്പിച്ചതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതായി.