കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ തമിഴ്നാട് കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ എത്തുന്നവര്‍ക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു.
നിലവില്‍ നിപ്പാ ഭീഷണി ഇല്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ നീലഗിരി, കോയമ്ബത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ കന്യാകുമാരിയില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പനി പരിശോധന ആരംഭിച്ചു. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.