ചെന്നൈ: ക്ഷേത്രങ്ങളിലടക്കം നിലനില്‍ക്കുന്ന വിഐപി സംസ്‌കാരത്തില്‍ ജനങ്ങള്‍ നിരാശരാണെന്ന് മദ്രാസ് ഹൈകോടതി.
തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ആരാധനാലയത്തില്‍ പ്രത്യേക ദര്‍ശനം സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിലെ പ്രസിദ്ധമായ അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ, വിഐപി പ്രവേശനം തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കണമെന്നും ബന്ധുക്കള്‍ക്ക് അനുവദിക്കരുതെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം പറഞ്ഞു.
‘ചിലര്‍ പ്രത്യേക ദര്‍ശനം അര്‍ഹിക്കുന്നുണ്ട്. അത്തരം വ്യക്തികള്‍ വഹിക്കുന്ന പ്രത്യേക ഓഫീസുകള്‍ക്ക് മാത്രമായാണ് ആ ഇളവ് നീക്കിവച്ചിരിക്കുന്നത,് അല്ലാതെ വ്യക്തിക്ക് വേണ്ടിയല്ല. ചില പ്രത്യേക അവകാശങ്ങള്‍ പൗരന്മാരുടെ സമത്വത്തിന് തടസമാകില്ല. മിക്ക വികസിത രാജ്യങ്ങളിലും, ഏറ്റവും ഉന്നത സ്ഥാനത്തുള്ള, ഭരണഘടനാ പദവിയിലിരിക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമേ സര്‍കാര്‍ സുരക്ഷ ഒരുക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ അവരുടെ സുരക്ഷ ഉറപ്പാക്കണം’ ജഡ്ജി ചൂണ്ടിക്കാട്ടി.
‘ക്ഷേത്രങ്ങളില്‍ വിഐപികള്‍ക്കും മറ്റ് പ്രധാന വ്യക്തികള്‍ക്കും പ്രത്യേക ദര്‍ശനം അനുവദിക്കുന്നതിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നു. ആളുകള്‍ വിഷമിക്കുകയും ശപിക്കുകയും ചെയ്യുന്നു,-‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുദര്‍ശനത്തിന് തടസം ഉണ്ടാകാതെ വിഐപി ദര്‍ശനം ഉറപ്പാക്കാന്‍ ക്ഷേത്ര ഭരണസമിതി ബാധ്യസ്ഥരായിരുന്നു. വിഐപികളുടെ പട്ടിക തമിഴ്‌നാട് സര്‍കാര്‍ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും പ്രസ്തുത പട്ടിക ക്ഷേത്ര ഭരണസമിതി പരിപാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
‘വിഐപികള്‍ക്കുള്ള പ്രത്യേക പ്രവേശനം ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെ/പൊതുജനങ്ങളുടെ തുല്യതയുടെ അവകാശം ലംഘിക്കുന്നതിലേക്ക് നയിക്കരുതെന്നും വ്യക്തമാക്കുന്നു. വിഐപി പ്രവേശനം വിഐപികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണം, ബന്ധുക്കള്‍ക്ക് അനുവദിക്കരുത്’- ജഡ്ജി ചൂണ്ടിക്കാട്ടി.
‘വിഐപികള്‍ക്കൊപ്പം സെക്യൂരിറ്റി ഗാര്‍ഡുകളും ഉണ്ടായിരിക്കാം, എന്നാല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും വിഐപികള്‍ക്കൊപ്പം പ്രത്യേക ദര്‍ശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കണം. മറ്റ് ഭക്തര്‍ക്കൊപ്പം പണമടച്ചുള്ള ക്യൂ അല്ലെങ്കില്‍ സൗജന്യ ദര്‍ശനത്തിലൂടെ മാത്രമേ ജീവനക്കാരെയോ ഉദ്യോഗസ്ഥരെയോ ക്ഷേത്രത്തിനകത്തേക്ക് കയറ്റാവൂ’- ജഡ്ജി പറഞ്ഞു.
‘ഭക്തര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ദൈവത്തെ ആരാധിക്കുന്നത്, അതിനാല്‍ ഭക്തര്‍ക്കിടയില്‍ ഒരു വിവേചനവും ഉണ്ടാകില്ല, കാരണം വിഐപികളും ഭക്തരായാണ് ദര്‍ശനത്തിന് എത്തുന്നത്. അവിടെ ദൈവം മാത്രമാണ് വിഐപി. ഏതെങ്കിലും വിഐപി മറ്റ് ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാക്കിയാല്‍, അത്തരമൊരു വിഐപി മതപരമായ പാപമാണ് ചെയ്യുന്നത്, അത് ദൈവം പൊറുക്കില്ല’- അദ്ദേഹം പറഞ്ഞു.