ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ 55 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,420 പേരെ പരിശോധിച്ചപ്പോഴാണിതെന്നും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളായവരെ കാമ്ബസില്‍ തന്നെ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്.
നേരത്തെ, മൂന്ന് ദിവസത്തിനിടെ 30 വിദ്യാര്‍ഥികള്‍ക്ക് കാമ്ബസില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.ഐ.ടി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടേക്കുമെന്നാണ് നിഗമനം. അതേസമയം, രാജ്യത്ത് 2,593 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,755 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 98.75 ആണ് രോഗമുക്തി നിരക്ക്.
ഇതോടെ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15,873 ആയി. കോവിഡില്‍ രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,22,193 ആയും ഉയര്‍ന്നു. ഡല്‍ഹിയില്‍ മാത്രം 1,094 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്.