ചെന്നൈ: സിബിഐയുടെ അധികാര പരിധിക്ക് നിയന്ത്രണമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ഇനി സിബിഐക്ക് തമിഴ്‌നാട്ടിലെ ഒരു വിഷയത്തില്‍ അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്ന പത്താമത്തെ സംസ്ഥാനമാണ് അവര്‍.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന രീതിയാണിത്. അതിന് ശേഷം പ്രതിപക്ഷം ഭരിക്കുന്ന പാര്‍ട്ടികള്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന കാരണം പറഞ്ഞാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുതി മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ണായക പ്രഖ്യാപനം.
അതേസമയം കേന്ദ്രം അനുമതി നല്‍കിയാലും തമിഴ്‌നാട്ടില്‍ സിബിഐക്ക് അത്ര എളുപ്പത്തില്‍ അന്വേഷണം നടത്താനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ സമ്മതം അവര്‍ക്ക് ആവശ്യമായി വരും. പൊതുവായി എല്ലാ സംസ്ഥാനങ്ങളിലും സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി നേരത്തെ ആവശ്യമില്ലായിരുന്നു.
സംസ്ഥാന രൂപീകരണ സമയത്ത് തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളുമായുള്ള സഹകരണം സംസ്ഥാനങ്ങളില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ കുടുക്കുന്നു എന്ന ആരോപണം നിരവധി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.
മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം, മിസോറം എന്നീ സംസ്ഥാനങ്ങളാണ് സിബിഐ അന്വേഷണത്തിന് അനുമതി നിര്‍ബന്ധമാക്കിയത്. അടുത്തിടെ ബിജെപി അധികാരത്തില്‍ വന്നതോടെ ഈ തീരുമാനം മഹാരാഷ്ട്രയില്‍ പിന്‍വലിച്ചിരുന്നു.
സിബിഐ കേന്ദ്ര ഏജന്‍സിയാണെങ്കിലും, ഡല്‍ഹി സ്‌പെഷ്യല്‍ ഫോഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ പോലീസായിട്ടാണ് നിയമം ഏജന്‍സിയെ കാണുന്നത്. അങ്ങനെയുള്ള ഏജന്‍സിയുടെ അധികാര പരിധി എപ്പോഴും ഡല്‍ഹിയില്‍ നിയന്ത്രിതമായിരിക്കും.
സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ അതുകൊണ്ട് എളുപ്പമാണ്. ഡല്‍ഹിക്ക് പുറത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സിബിഐക്ക് ആവശ്യമാണ്. എന്നാല്‍ സുപ്രീം കോടതിക്കോ, ഹൈക്കോടതികള്‍ക്കോ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടാം.
എന്നാല്‍ സിബിഐക്ക് ഇപ്പോള്‍ അവരുടെ കൈയ്യിലുള്ള കേസുകളില്‍ പുതിയ അനുമതി ആവശ്യമില്ല. തമിഴ്‌നാട്ടില്‍ നിന്ന് അത്തരം കേസുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ധൈര്യമായി അന്വേഷിക്കാം. നേരത്തെ സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ബിജെപിയെയും കേന്ദ്ര ഏജന്‍സികളെയും ഡിഎംകെ ശക്തമായി വിമര്‍ശിച്ചിരുന്നു.