കൊല്ലങ്കോട്: തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടു വന്ന 700 കിലോ റേഷനരി എക്സൈസ് ചെക്ക് പോസ്റ്റ് വിഭാഗം പിടികൂടി.ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഇന്നലെ ഉച്ചയോട് മാരുതി ഓംനി വാഹനത്തിലാണ് അരിയുമായി വന്നത്. ഡ്രൈവര്‍ അരവിന്ദനേയും വാഹനവും അരിയും പിടിച്ചെടുത്തു . തുടര്‍ നടപടികള്‍ക്കായി ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ ആര്.എസ്. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ബാസിത്, പി. ബിനു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന തമിഴ്നാട് റേഷനരി കേരളത്തിലെത്തിച്ച് കൂടുതല്‍ വിലക്ക് വില്‍ക്കുന്ന സംഘം അതിര്‍ത്തി പ്രദേശത്തും ജില്ലയിലുടനീളവും പ്രവര്‍ത്തിക്കുന്നു . സ്വകാര്യ മില്ലുകളില്‍ അരി പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.