ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ആര്‍.എസ്.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി തേടി തിരുവള്ളൂര്‍ പൊലീസിന് നല്‍കിയ അനുമതിയാണ് നിഷേധിച്ചത്. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചു.
റാലിക്ക് അനുമതി നല്‍കാന്‍ നേരത്തെ മദ്രാസ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി. ശൈലേന്ദ്ര ബാബു, ലോക്കല്‍ എസ്.പി, ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചത്.
ഹൈകോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയന്റെ സെപ്തംബര്‍ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേര്‍ക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ ബി. രാബു മനോഹര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള ആര്‍.എസ്.എസ് പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ജഡ്ജിയുടെ സെപ്തംബര്‍ 22ലെ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍ സമര്‍പ്പിച്ച ഹരജികളില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ടി. രാജയും ജസ്റ്റിസ് ഡി. കൃഷ്ണകുമാറും അടങ്ങുന്ന മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിരസിച്ചു.
സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈകോടതിയില്‍ റിട്ട് ഹരജിയോ അപ്പീലോ സമര്‍പ്പിക്കാനാവില്ലെന്നും ഹരജിക്കാരന് സുപ്രിംകോടതിയെ മാത്രമേ സമീപിക്കാനാവൂ എന്നും ജഡ്ജിമാര്‍ പറഞ്ഞു.