ചെന്നൈ: തമിഴ്നാട്ടില്‍ നാളെ നടത്താനിരുന്ന റൂട്ട്മാര്‍ച്ച് നവംബര്‍ ആറിന് നടത്താന്‍ ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി.സംസ്ഥാനത്തെ 51 ഇടങ്ങളില്‍ റൂട്ട്മാര്‍ച്ചും പൊതുയോഗവും നടത്താനുള്ള ആര്‍എസ്‌എസ് തീരുമാനം സര്‍ക്കാര്‍ വിലക്കിയിരുന്നു.
റൂട്ട്മാര്ച്ചിനും പൊതുയോഗത്തിനും സര്‍ക്കാരും പോലീസും അനുമതി നല്‍കണമെന്നും ഇക്കാര്യത്തില്‍ ഒക്ടോബര്‍ 31 നകം കോടതിയില്‍ മറുപടി നല്‍കണമെന്നും ജസ്റ്റീസ് ജി.കെ. ഇളന്തിരായന് നിര്‍ദേശിച്ചു. ആര്‍എസ്‌എസ് നല്‍കിയ ഹര്‍ജിയിലായിരുന്നു തീരുമാനം.

തീരുമാനമെടുക്കാതെ തുടരുകയോ അനുമതി നിഷേധിക്കുകയോ ചെയ്താല്‍ കോടതിയലക്ഷ്യനടപടികളെ നേരിടേണ്ടിവരുമെന്ന് സര്‍ക്കാരിനും പോലീസിനും മുന്നറിയിപ്പ് നല്‍കിയ കോടതി സെപ്റ്റംബര്‍ 22 ന് പുറപ്പെടുവിച്ച ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍എസ്‌എസ് പാലിക്കണമെന്നും നിര്‍ദേശിച്ചു.
നേരത്തെ റൂട്ട്മാര്ച്ചിനും പൊതുയോഗത്തിനും ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, പോപ്പുലര്ഫ്രണ്ടിനെതിരേയുള്ള നടപടികള്‍മൂലം ക്രമസമാധാനപ്രശ്നം ഉണ്ടായേക്കാമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരും പോലീസും അനുമതി നിഷേധിക്കുകയായിരുന്നു. പോപ്പുലര്‍ഫ്രണ്ട് സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ 22 നുശേഷം 52,000 പോലീസുകാരെയാണു നിരത്തുകളില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന് മുഹമ്മദ് ജിന്ന കോടതിയെ അറിയിച്ചു.
റൂട്ട്മാര്‍ച്ചിന് അനുമതി നിഷേധിച്ച സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് വ്യാഴാഴ്ചയാണ് ആര്‍എസ്‌എസ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് 50,000 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. അതുകൊണ്ട് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാനാവില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇത് അംഗീകരിച്ച കോടതി ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുയോജ്യമായ മറ്റൊരു തീയതി അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗോഡ്സെയെ വാഴ്‌ത്തുന്നവര്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗാന്ധിജയന്തി ആഘോഷിക്കുന്നതിനെ തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
അതേസമയം ബി.ജെ.പി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഒക്ടോബര്‍ 31ലേക്ക് മാറ്റി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ബി.ആര്‍ അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും അടിസ്ഥാനമാക്കി സംസ്ഥാനത്ത് 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍.എസ്.എസ് നിശ്ചയിച്ചത്. റൂട്ട് മാര്‍ച്ചിന് ബദലായി വി.സി.കെയും ഇടത് പാര്‍ട്ടികളും നടത്താനിരുന്ന മനുഷ്യച്ചങ്ങലയ്ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ചിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പുറച്ചെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് തമിഴ്നാട് പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.