Home Featured തമിഴ്നാട്ടില്‍ നരബലി നടത്തിയാല്‍ നിധി കിട്ടുമെന്ന് കരുതി കര്‍ഷകനെ തലക്കടിച്ച്‌ കൊന്ന് മന്ത്രവാദി

തമിഴ്നാട്ടില്‍ നരബലി നടത്തിയാല്‍ നിധി കിട്ടുമെന്ന് കരുതി കര്‍ഷകനെ തലക്കടിച്ച്‌ കൊന്ന് മന്ത്രവാദി

by jameema shabeer

ചെന്നൈ: തമിഴ്നാട്ടില്‍ നരബലിക്കായി മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് ദാരുണമായ സംഭവം നടന്നത്. നരബലി നടത്തിയാല്‍ നിധി ലഭിക്കുമെന്ന വിശ്വാസത്തില്‍ പൂജയ്ക്കിടെ കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കര്‍ഷകനായ ലക്ഷ്മണനെ രണ്ട് ദിവസം മുമ്ബാണ് സ്വന്തം കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെറ്റിലത്തോട്ടത്തില്‍ തലയ്ക്കടിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയ ലക്ഷ്മണന്‍റെ മൃതദേഹത്തിന് സമീപം ആഭിചാര ക്രിയകള്‍ നടന്നതിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മൃതദേഹത്തിന് സമീപം സിന്ദൂരം, നാരങ്ങ, കര്‍പ്പൂരം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നരബലിയാണെന്ന് വ്യക്തമായത്. ലക്ഷ്മണനെ അവസാനമായി വിളിച്ചത് ധര്‍മ്മപുരി സ്വദേശി മണിയാണെന്ന് കണ്ടെത്തി. മന്ത്രവാദവും മന്ത്രവാദ ചികിത്സയും നടത്തുന്നയാളാണ് ഇയാള്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ നരബലിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

ലക്ഷ്മണന്‍റെ വെറ്റിലത്തോട്ടത്തില്‍ നിധിയുണ്ടെന്ന് മണി ലക്ഷ്മണനെ നേരത്തെ വിശ്വസിപ്പിച്ചിരുന്നു. ഇത് ലഭിക്കാന്‍ ഒരു നരബലി നടത്തണമെന്നും പറഞ്ഞു. മന്ത്രവാദ ചികിത്സയ്ക്കായി മണിയുടെ അടുക്കല്‍ വരുന്ന ഒരു യുവതിയെ ബലി നല്‍കാന്‍ ആയിരുന്നു ആദ്യ പദ്ധതി. ചികിത്സയുമായി ബന്ധപ്പെട്ട പൂജകള്‍ക്കായി വെറ്റിലത്തോട്ടത്തില്‍ വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പൂജ തുടങ്ങിയിട്ടും എത്താത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് ലക്ഷ്മണനെ ബലി നല്‍കാന്‍ മണി തീരുമാനിച്ചത്. ലക്ഷ്മണന്‍റെ തലയ്ക്കടിച്ച ശേഷം നിധിക്കായി തോട്ടം മുഴുവന്‍ തിരഞ്ഞെങ്കിലും നിധി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു. അസ്വാഭാവിക മരണമായി അന്വേഷണം ആരംഭിച്ച്‌ രണ്ട് ദിവസത്തിന് ശേഷമാണ് ലക്ഷ്മണന്‍റെ മരണം നരബലിയാണെന്ന് പുറത്തറിയുന്നത്.

You may also like

error: Content is protected !!
Join Our Whatsapp