ചെന്നൈ: ബസില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ യാത്ര വേണ്ടെന്നു പറഞ്ഞ മുത്തശ്ശിയ്‌ക്കെതിരെ പരാതി നല്‍കി ഡിഎംകെ. കോയമ്ബത്തൂര്‍ സ്വദേശിനി തുളസിയമ്മാളിനെതിരെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് കേസ് എടുത്തെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ ബസുകളില്‍ വയോധികര്‍ക്ക് സര്‍ക്കാര്‍ സൗജന്യയാത്രയാണ് നല്‍കിവരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബസില്‍ കയറിയ തുളസ്സിയമ്മാള്‍ തനിക്ക് സൗജന്യ യാത്ര വേണ്ടെന്നും പണം വാങ്ങണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിസമ്മതിച്ച കണ്ടക്ടറോട് തുളസ്സിയമ്മാള്‍ തര്‍ക്കിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തനിക്ക് ‘ഓസിന്’ സഞ്ചരിക്കേണ്ടെന്നും ടിക്കറ്റിന്റെ പൈസ വാങ്ങണം എന്നുമായിരുന്നു മുത്തശ്ശി പറഞ്ഞ്. സംസാരത്തിനിടെ മുഖ്യമന്ത്രി ഉപയോഗിക്കാറുള്ള പതിവ് വാക്കാണ് ഓസി എന്നത്. അതേ വാക്ക് പറഞ്ഞ് തുളസ്സിയമ്മാള്‍ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവ സമയം ബസില്‍ മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ നാടകമാണ് ഇതെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയല്‍ തുളസ്സിയമ്മാളിന് പുറമേ പൃഥ്വിരാജ്, വിജയ് ആനന്ദ്, മതിവനന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.