ചെന്നൈ വെല്ലൂരിനു സമീപം റോഡരികിൽ നിന്ന് 14.30 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ചെന്നെ ദേശീയപാതയിലാണ് ഇന്നലെ പുലർച്ചെ കാറിലെത്തിയ സംഘം 500 രൂപയുടെ കള്ളനോട്ട് അടങ്ങിയ കെട്ടുകൾ തള്ളിയിട്ട് കടന്നത്.
നോട്ടുകൾ പറക്കുന്നതു കണ്ട വാഹനയാത്രക്കാരും പൊതുജനങ്ങളും ഇവ ശേഖരിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ചിതറിക്കിടന്ന കറൻസി നോട്ടുകൾ പിടിച്ചെടുത്തു. പൊതുജനങ്ങൾ കൊണ്ടുപോയ കറൻസി നോട്ടുകളും തിരികെ വാങ്ങി. ഇവ പരിശോധിച്ചപ്പോഴാണു വ്യാജ നോട്ടുകളാണെന്നും വ്യാജ പ്രിന്റാണെന്നും കണ്ടെത്തിയത്.
കള്ളനോട്ട് തള്ളിയ സംഘം ആരാണെന്നു കണ്ടത്താൻ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഇവിടെ നിന്ന് എടുത്തു കൊണ്ടു പോയ നോട്ടുകൾ ഉപയോഗിക്കരുതെന്നും കർശന നിലപാട് നൽകിയിട്ടുണ്ട്. 500 രൂപ നോട്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നു വ്യാപാരികൾക്കും മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം 10 കോടി രൂപയുടെ കുഴൽപ്പണം കാറിൽ നിന്നു ലോറിയിലേക്ക് മാറ്റുന്നതിനിടെ മലയാളികൾ അടക്കം 4 പേർ പിടിയിലായിരുന്നു.