ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ തൊക്കമൂര് ഗ്രാമത്തില്‍ ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സവര്‍ണ ഹിന്ദുക്കള്‍ നിര്‍മ്മിച്ച മതില് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി.
ഇന്നലെ പുലര്‍ച്ചെ 5.30നാണ് വലിയ പൊലീസ് സന്നാഹം വിന്യസിച്ചശേഷം അഞ്ച് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മതില് പൊളിച്ചത്. പൊന്നേരി റവന്യു ഡിവിഷണല്‍ ഓഫീസറും ഗുമ്മിടിപൂണ്ടി തഹസില്‍ദാറും മേല്‍നോട്ടം വഹിച്ചു.
2015ലാണ് ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പുറമ്ബോക്കിന് സമീപത്തെ പിന്നാക്കക്കാരുടെ കോളനിക്ക് കുറുകെ മതില് നിര്‍മ്മിച്ചത്. ക്ഷേത്രപ്രവേശനം തടഞ്ഞ് വാസസ്ഥലത്തിനു ചുറ്റും നിര്‍മ്മിച്ച മതില് പൊളിച്ചതില്‍ സന്തുഷ്ടരാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആ.ര്‍.ഡി.ഒയുടെയും തഹസില്‍ദാരുടെയും സാന്നിദ്ധ്യത്തില്‍ മതില് പണിതവരുമായി അഞ്ച് തവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊളിച്ചത്. പ്രതിഷേധിച്ച ദളിതരെ നേരത്തെ മുന്നാക്കസമുദായക്കാര്‍ സാമൂഹികമായി ബഹിഷ്കരിച്ചിരുന്നു. അവരോട് സംസാരിക്കുന്നവര്‍ക്കും കൃഷിയിടങ്ങളില്‍ ജോലി നല്കുന്നവര്ക്കും 2,000 രൂപ പിഴ ഏര്‍പ്പെടുത്തി. കൂടാതെ വിളകള്‍ക്ക് വെള്ളം നല്‍കുന്നത് നിറുത്തുകയും ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.