ചെന്നൈ • തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അധിക മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇത്തവണ 35 മുതൽ 75 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നുവെന്നു റവന്യു മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രനും അറിയിച്ചു. അധിക മഴയും അതിതീവ്ര മഴയും മുന്നിൽക്കണ്ട് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാനാണു സർക്കാർ തീരുമാനം.
ഇത്തവണ മഴ കുറയില്ലെന്ന പ്രതീക്ഷയ്ക്കു കരുത്തു പകരുന്നതാണു ചെന്നൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ വിജയദശമി നാളിൽ വിദ്യാരംഭത്തിനും അവധി ആഘോഷിക്കാനും അതിരാവിലെ പുറത്തിറങ്ങിയവരെ മഴ സ്വാഗതം ചെയ്തു. നഗരത്തിൽ മിക്കയിടങ്ങളിലും കൂടിയും കുറഞ്ഞും മഴ ലഭിച്ചു. ഏതാനും ദിവസങ്ങളായി മുടിക്കെട്ടിയ അന്തരീക്ഷമാണു നഗരത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും 10 വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെ്പെട്ട്, എഗ്ലൂർ, താംബരം, പുരുഷവാക്കം, നുങ്കംപാക്കം എന്നിവിടങ്ങളിൽ അധിക മഴയ്ക്കു സാധ്യതയുണ്ട്. മഴക്കാലത്തിനു മുന്നോടിയായുള്ള മഴയായി മാത്രമേ ഇതിനെ കണക്കാക്കാവുവെങ്കിലും ചൂട് കുറഞ്ഞ കാലാവസ്ഥയും ചിലയിടങ്ങളിൽ രാവിലെയുള്ള നേരിയ തണുപ്പും നഗരവാസികൾക്കു സന്തോഷവും ആശ്വാസവും നൽകുന്നു.
കാലവർഷത്തെ നേരിടാൻ സ്കൂളുകൾക്കു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളാണു നൽകിയത്. ശോച്യാവസ്ഥയിലായ കെട്ടിടങ്ങൾ നന്നാക്കുക, ഭീഷണി ഉയർത്തുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുക, വൈദ്യുതാഘാതമേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ എത്രയും വേഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 164 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.മഴക്കാലത്ത് ഡെങ്കിപ്പനി കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. വീടുകൾക്കു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ടയർ, ചിരട്ട, പാത്രങ്ങൾ എന്നിവ തുറന്ന നിലയിൽ കിടക്കുന്നത് വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കും. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം. ഡെങ്കി നിയന്ത്രിക്കുന്നതിന് പനി ബാധിത പ്രദേശങ്ങളിൽ 476 മൊബൈൽ മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്നും മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്നും അറിയിച്ചു.
അധിക മഴയിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും വെള്ളത്തിലാകുമോയെന്ന ഭീതി നഗരവാസികൾക്കുണ്ട്. ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന അനുഭവമാണു ജനത്തെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ വർഷം പ്രളയം സംഭവിക്കാൻ യാതൊരു സാധ്യതയുമില്ലെന്നു പൊതുമരാമത്ത് മന്ത്രി ഇ.വി.വേലു പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങൾ അതിവേഗം മുന്നോട്ടു പോകുന്നതായും മഴവെള്ള ഓടകളുടെ നിർമാണം പൂർത്തിയാകാറായെന്നും മന്ത്രി പറഞ്ഞു. മഴവെള്ള ഓടകളുടെ നിർമാണ, അറ്റകുറ്റ പ്രവൃത്തികളിൽ 10 ശതമാനം മാത്രമാണു ബാക്കിയുള്ളത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രവൃത്തികൾ പൂർത്തിയാക്കും. മഴക്കാലത്ത് ജനങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല 4,070 കോടി രൂപ ചെലവിൽ 1,033 കിലോമീറ്റർ ദൂരത്തിൽ മഴവെള്ളം ഒഴുക്കിവിടുന്ന പ്രവൃത്തികൾ ചെന്നൈ കോർപറേഷനിൽ പുരോഗമിക്കുകയാണ്. കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുകിപ്പോകാൻ 719 വോട്ടർ പമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 1 മിനിറ്റിൽ 11,700 ലീറ്റർ വെള്ളം ഒഴുക്കിവിടാൻ പമ്പുകൾ കൊണ്ടു സാധിക്കും.