ചെന്നൈ: ചെന്നൈയിലെ പ്രാദേശിക മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. ശനിയാഴ്ചയാണ് മന്ത്രി ചെന്നൈയിലേക്കുള്ള ഒരു ദിവസത്തെ സന്ദര്‍ശനത്തിനിടെ മൈലാപ്പൂര് മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് കച്ചവടക്കാരുമായും പ്രദേശവാസികളുമായും ഇടപഴകുകയും അടുക്കള സാധനങ്ങള്‍ വാങ്ങുകയും ചെയ്തു.
മൈലാപ്പൂര് ചന്തയിലെ ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്നും മന്ത്രി പച്ചക്കറി വാങ്ങുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. പെട്ടന്ന് ചന്തയില്‍ വച്ച് മന്ത്രിയെ കണ്ട ജനങ്ങള്‍ അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. അപ്രതീക്ഷിതമായി എത്തിയ മന്ത്രിയെ കണ്ട വഴിയോര കച്ചവടക്കാര്‍ക്ക് ആശ്ചര്യം വിട്ടുമാറിയിട്ടില്ല.
തമിഴ്നാട്ടിലെ ചെന്നൈ അമ്ബത്തൂരിലെ കല്ലിക്കുപ്പത്ത് പ്രത്യേക പരിഗണനയുള്ള കുട്ടികള്‍ക്കായുള്ള മള്‍ട്ടി ഡിസിപ്ലിനറി സെന്ററായ ‘ആനന്ദ കരുണ വിദ്യാലയം’ ഉദ്ഘാടനം ചെയ്യാനായാണ് ധനമന്ത്രി നിര്‍മല സീതാരാമന് എത്തിയത്. ഓട്ടിസം, ഡിസ്ലെക്സിയ, സ്ലോ ലേണിംഗ് വൈകല്യം തുടങ്ങിയ പഠന ബുദ്ധിമുട്ടുകളുള്ള കുട്ടികള്‍ക്കായി 2018ലാണ് ആനന്ദം ലേണിംഗ് സെന്റര്‍ ആരംഭിച്ചത്, പ്രത്യേക പരിചരണം താങ്ങാന്‍ കഴിയാത്ത കുടുംബങ്ങളെയും പരിപാലിക്കുന്നു.
അതേസമയം, പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അവശ്യവസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്കും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് നേരത്തെ പറഞ്ഞിരുന്നു.