ചെന്നൈ: മതിയായ പരിചരണം നല്‍കാതെ അവഗണിക്കുന്ന മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി.
ചെന്നൈയില്‍ സര്‍വിസില്‍നിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന് സ്വത്ത് മൂത്തമകന്റെ പേരില്‍ എഴുതിവെച്ചിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ അനുഭവിക്കവെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യമാക്കാത്തതിനാലും സ്വത്തുക്കള്‍ ആധാരം ചെയ്തത് റദ്ദാക്കാന്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് കീഴ്ക്കോടതി തള്ളിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് ആശ പരിഗണിച്ചു. ആഭരണങ്ങള്‍ വിറ്റ് ചികിത്സ നടത്താന്‍ നിര്‍ബന്ധിച്ച മക്കളുടെ നിലപാടിനെ ഹൃദയശൂന്യമെന്ന് വിമര്‍ശിച്ച ജഡ്ജി ഇത്തരം പ്രത്യേക സാഹചര്യത്തില്‍ സ്വത്ത് രേഖ റദ്ദാക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ഉത്തരവിട്ടു.