ചെന്നൈ: സൈന്യത്തിലേക്കുള്ള പ്രവേശന പരീക്ഷക്കിടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവരെ പിടികൂടി. ചെന്നൈയിലെ നന്ദമ്ബാക്കം കേന്ദ്രത്തില്‍ പരീക്ഷ നടക്കുന്നതിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച 28 ഉദ്യോഗാര്‍ത്ഥികളാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഏകദേശം പതിനായിരത്തോളം പേരാണ് ഗ്രൂപ്പ് സി ആര്‍മി സിവിലിയന്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ചില പരീക്ഷാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് അധികൃതര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കോപ്പിയടിച്ച വിവരം പുറത്തുവന്നത്. ബ്ലൂടൂത്ത് ടെക്സനോളജി വിദഗ്ധമായി ഉപയോഗിച്ചായിരുന്നു കോപ്പിയടി.
തട്ടിപ്പ് നടത്തിയ എല്ലാവരെയും നന്ദമ്ബാക്കം പോലീസിന് കൈമാറി. കോപ്പിയടിച്ച് പിടിക്കപ്പെട്ട 28 പേരെയും ഇനി കരസേനയിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് വിലക്കുന്നതാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് നന്ദമ്ബാക്കം പോലീസ് അറിയിച്ചു.