കോയമ്ബത്തൂര്‍: പഴനി മുതല്‍ കൊടൈക്കനാല്‍ വരെ റോപ് കാര്‍ സര്‍വീസ് തുടങ്ങാന്‍ തമിഴ്നാടിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. 500 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. തമിഴ്നാട്ടില്‍ ആദ്യമായാണു റോപ് കാര്‍ പദ്ധതി ആരംഭിക്കുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന പദ്ധതി പ്രകൃതിക്കു ദോഷം വരാത്ത രീതിയില്‍ നടപ്പാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഓസ്ട്രേലിയയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരും നാഷനല്‍ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്നു സാധ്യതാപഠനം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. പഴനിയിലെത്തുന്ന സന്ദര്‍ശകരില്‍ വലിയൊരു ശതമാനം കൊടൈക്കനാലും സന്ദര്‍ശിക്കുന്നുണ്ട്.
പഴനിയില്‍ നിന്നു റോഡ് വഴി 64 കിലോമീറ്ററാണു കൊടൈക്കനാലിലേക്കുള്ള ദൂരം. ഹെയര്‍പിന്‍ വളവുകളുള്ള മലമ്ബാതയിലൂടെ 3 മണിക്കൂറോളമാണു യാത്രാസമയം. റോപ് കാര്‍ വന്നാല്‍ യാത്രാസമയം 40 മിനിറ്റായി കുറയും. പഴനിയിലെ അഞ്ചുവീടിലും കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രത്തിലുമാണു റോപ് കാര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
റോപ് കാറിനെ അറിയാം
രണ്ട് സ്ഥലങ്ങളില്‍ ഉറപ്പിച്ച കേബിളുകളിലൂടെയാണു റോപ് കാറുകള്‍ സഞ്ചരിക്കുന്നത്. 4 പേര്‍ക്കും 6 പേര്‍ക്കും വരെ ഇരിക്കാന്‍ കഴിയുന്ന കൂപ്പെകളാണു കേബിള്‍ റോപ് കാറിന്റേത്. ഇത്തരത്തില്‍ ഒട്ടേറെ കൂപ്പെകള്‍ക്ക് ഒരേ സമയം കേബിളിലൂടെ നീങ്ങാന്‍ കഴിയും. വൈദ്യുതി ഉപയോഗിച്ചാണു റോപ് കാറുകള്‍ സാധാരണ പ്രവര്‍ത്തിപ്പിക്കുന്നത്.