ചെന്നൈ: തൂത്തുക്കുടിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയെ പരസ്യമായി അപമാനിക്കുകയും പൊതുമധ്യത്തില്‍വച്ച് ബലംപ്രയോഗിച്ച് മുടി മുറിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് രണ്ടു പ്രതികളെ പോലീസ് അറസ്‌റ്റു ചെയ്‌തത്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റായ ഗ്രേസ് ബാനു പങ്കുവച്ച 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ ബ്ലേഡ് ഉപയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയുടെ മുടി മുറിക്കുന്നത് കാണാം. മുറിച്ചെടുത്ത മുടി അയാള്‍ തൊട്ടടുത്തുള്ള വയലിലേക്ക് വലിച്ചെറിയുന്നതും മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിത അവര്‍ക്കു സമീപം ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “അവരെ നോക്കൂ. അവര്‍ പുരുഷന്മാരില്‍നിന്ന് പണം അപഹരിക്കുന്നു. ഇവരെ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഇപ്പോള്‍ എല്ലാം അവസാനിച്ചു. നോക്കൂ, ഇപ്പോള്‍ അവരെ കാണാന്‍ ഭംഗിയില്ലേ..”-മുടി മുറിക്കുന്നയാള്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
മറ്റൊരു വീഡിയോയില്‍ ഈ സ്‌ത്രീ തറയില്‍ ഇരിക്കുന്നതും ഒരു കണ്ണ് ചുവന്ന് വീര്‍ത്തിരിക്കുന്നതും കാണാം. നോഹ, വിജയ് എന്നിങ്ങനെ രണ്ടു പേരാണ് അറസ്‌റ്റിലായത്. ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളുടെ പരിചയക്കാരാണെന്നാണ് വിവരം. ഒരാള്‍ ഈ വനിതകളില്‍ ഒരാളുമായി അടുപ്പത്തിലായിരുന്നെന്നും പറയപ്പെടുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.