നാഥ്ദ്വാര: ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി. റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ നിന്നാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.
5ജി സേവനങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഇന്ന് മുതല്‍ നാഥ്ദ്വാരക്കൊപ്പം ചെന്നൈയിലും 5ജി ലഭ്യമാകുമെന്നും ആകാശ് അംബാനി വ്യക്തമാക്കി. ജൂണ്‍ 28ന് റിലയന്‍സ് ജിയോയുടെ തലവനായതിന് ശേഷം 30കാരനായ ആകാശ് അംബാനി നടത്തുന്ന ആദ്യത്തെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇത്.
കഴിഞ്ഞ മാസം ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രാജസ്ഥാനിലെ 5ജി സേവനങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2015ല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ് മുകേഷ് അംബാനി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചത്. 20 വര്‍ഷത്തേക്ക് 22 ടെലികോം സര്‍ക്കിളുകളിലായ 700 എം.എച്ച്.ഇസഡ്, 800 എം.എച്ച്.ഇസഡ്, 1800 എം.എച്ച്.ഇസഡ്, 3300 എം.എച്ച്.ഇസഡ്, 25 ജി.എച്ച്.ഇസഡ് ബാന്‍ഡില്‍ 25,036 എം.എച്ച്.ഇസഡ് സ്പെക്‌ട്രമാണ് ജിയോ ലേലത്തില്‍ പിടിച്ചത്. 87,947 കോടി രൂപയാണ് ചെലവ്.