സൂര്യഗ്രഹണദിവസം ആഭിചാരക്രിയ നടത്തിയാൽ കൂടുതൽ ഫലം കിട്ടുമെന്ന് അന്ധവിശ്വാസത്തെ തുടര്‍ന്ന് ശ്മശാനത്തിൽ മറവുചെയ്ത 12കാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തു കടത്തി. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് സംഭവം. ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയിൽപ്പെട്ട് മരിച്ച പെൺകുട്ടിയുടെ മൃതദേഹത്തിന്‍റെ തലയാണ് അജ്ഞാതർ കുഴിമാടത്തിൽ നിന്ന് കടത്തിയത്. ആഭിചാരക്രിയകൾക്കായാണ് ഇതെന്നാണ് പൊലീസിന്‍റെ നിഗമനം.
കഴിഞ്ഞ സൂര്യഗ്രഹണ ദിവസമാണ് ശവക്കുഴിമാന്തി മൃതദേഹത്തിന്‍റെ തല വെട്ടിയെടുത്ത് കടത്തിക്കൊണ്ട് പോയത്. സൂര്യഗ്രഹണ ദിവസം ആഭിചാരക്രിയകൾ ചെയ്താൽ ഫലമേറും എന്ന അന്ധവിശ്വാസത്തിലാണ് ഈ ഹീനമായ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.രണ്ടാഴ്ച മുമ്പ് മരിച്ച സീതാപൂർ ചിത്രപാടി സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് അജ്ഞാതർ കുഴിതോണ്ടി എടുത്തത്.
കഴിഞ്ഞ പതിനാലാം തീയതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അതിനടിയിൽപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ മരണം. അന്നുതന്നെ മൃതദേഹം ഗ്രാമത്തിലെ പൊതുശ്ശമശാനത്തിൽ സംസ്കരിച്ചിരുന്നു. ഇന്നലെ രാവിലെ കുഴിമാടത്തിന് സമീപം പൂജകൾ നടന്നതിന്‍റെ ലക്ഷണം കണ്ടപ്പോഴാണ് സംശയം തോന്നിയത്. കുഴിമാടത്തിലെ മണ്ണ് ഇളകിയും കിടന്നിരുന്നു.
ആർഡിഒയും പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കുഴിമാടം തുറന്ന് നോക്കിയപ്പോഴാണ് തല നഷ്ടപ്പെട്ട വിവരം അറിയുന്നത്. സീതാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തും സമീപ ജില്ലകളിലും ദുർമന്ത്രവാദം നടത്തുന്നവവരെന്ന് സംശയമുള്ളവരെ കേന്ദ്രീകരിച്ചും ഫോൺ കോളുകൾ പിന്തുടർന്നുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സാമ്പത്തിക ലാഭത്തിനായി കേരളത്തില്‍ നടന്ന നരബലി ഏവരെയും ഞെട്ടിച്ചിരുന്നു. അതിക്രൂരമായി പീഡനം നേരിട്ടായിരുന്നു നരബലിയിലെ ഇരകള്‍ കൊല്ലപ്പെട്ടത്. ഇരകൾ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളായിരുന്നു തിരുവല്ല ഇലന്തൂരില്‍ നടന്നത്.