ചെന്നൈ: വഴിയില്‍ കിടന്ന് കിട്ടിയ 40,000 തിരികെ നല്‍കി അഭയാര്‍ത്ഥി സ്ത്രീ. കോയമ്ബത്തൂരിലെ പുനരധിവാസ ക്യാമ്ബില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥിയാണ് സത്യമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ 40,000 രൂപ തിരികെ നല്‍കിയത്. രാജേശ്വരി എന്ന 55കാരിക്കാണ് പണമടങ്ങിയ ബാഗ് സഹിതം കിട്ടിയത്.
ഉടനെ തന്നെ 21കാരനായ ഗോകുല്‍ എന്ന യുവാവിന്റെ സഹായത്തോടെ ഇവരിത് തൊട്ടടുത്തുള്ള സത്യമംഗലം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പണം നഷ്ടമായ ആള്‍ തെളിവ് സഹിതം എത്തിയാല്‍ പണം കൈമാറുമെന്ന സന്ദേശം പോലീസും പങ്കുവച്ചു. ഇതിന് പിന്നാലെ ഗുണസിംഹം എന്നയാള്‍ പോലീസില്‍ ബന്ധപ്പെട്ടു.

തന്റെ സുഹൃത്തായ ജോഷ്വ എന്നയാള്‍ തന്റെ പക്കല്‍ നിന്ന് കടം വാങ്ങിയ പണം ആയിരുന്നു ഇതെന്ന് ഗുണസിംഹം പോലീസിനെ അറിയിച്ചു. ഗര്‍ഭിണിയായ മകളുടെ ചികിത്സയ്‌ക്ക് വേണ്ടിയായിരുന്നു ഈ പണം കടം വാങ്ങിയത്. ഉടന്‍ തന്നെ പോലീസ് ഈ പണം ജോഷ്വയ്‌ക്ക് കൈമാറി. രാജേശ്വരിയുടേയും ഗോകുലിന്റേയും സത്യസന്ധത അഭിനന്ദനാര്‍ഹമാണെന്നും പോലീസ് പറഞ്ഞു.