ചെന്നൈ: പുരാതന വിഗ്രഹങ്ങള്‍ കൊള്ളയടിച്ച് കടത്തിയ കേസില്‍ അമേരിക്കന്‍ പൗരന്‍ സുഭാഷ് ചന്ദ്ര കപൂറിനും അഞ്ച് കൂട്ടാളികള്‍ക്കും 10 വര്‍ഷം തടവ് ശിക്ഷവിധിച്ച് കുംഭകോണം പ്രത്യേക കോടതി ഉത്തരവിട്ടു.
സഞ്ജിവി അശോകന്‍, മാരിച്ചാമി, ഭാഗ്യ കുമാര്‍, ശ്രീറാം എന്ന ഉലഗു, പാര്‍ഥിപന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
തഞ്ചാവൂരിലെ ഉടയാംപാളയത്തുനിന്ന് കൊള്ളയടിച്ച 94 കോടി രൂപ വിലമതിക്കുന്ന 19 പുരാതന വിഗ്രഹങ്ങള്‍ തന്‍റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് ആര്‍ട്ട് ഓഫ് പാസ്റ്റ് ഗാലറിയിലേക്ക് അനധികൃതമായി കയറ്റുമതി ചെയ്തതായാണ് കേസ്. ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ 2011 ഒക്ടോബര്‍ 30ന് ജര്‍മന്‍ കൊളോണ്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജര്‍മന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാള്‍ നിലവില്‍ തിരുച്ചി സെന്‍ട്രല്‍ ജയിലിലാണ്. മറ്റു നാല് വിഗ്രഹ മോഷണക്കേസുകളിലും കപൂര്‍ പ്രതിയാണ്.