ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിലെ 14 ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 5,093 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇതില്‍ 169 എണ്ണം ചെന്നൈയില്‍ ആണ്.
വടക്കന്‍ ചെന്നൈയിലെ പുളിയന്തോപ്പില്‍ വലിയ വെള്ളക്കെട്ടാണ്. ആളുകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
വെള്ളം ഒഴുക്കികളയാന്‍ 879 ഡ്രെയിനേജ് പമ്ബുകള്‍ നഗരത്തില്‍ സ്ഥാപിച്ചു. 60 ഉദ്യോഗസ്ഥരെ മേല്‍നോട്ട ചുമതല ഏല്പിപ്പിച്ചിട്ടുണ്ട്. 2000 ഓളം രക്ഷാപ്രവര്‍ത്തകരേയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, റാണിപേട്ട്, വെല്ലൂര്‍, സേലം, നാമക്കല്‍, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, രാമനാഥപുരം എന്നീ ജില്ലകളിലാണ് അവധി നല്‍കിയിരിക്കുന്നത്.
തിരുവള്ളൂര്‍, കാഞ്ചിപുരം, റാണിപേട്ട് എന്നീ ജില്ലകളില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചെന്നൈ, ചെങ്കല്‍പേട്ട്, വില്ലുപുരം, കള്ളക്കുറിച്ചി തുടങ്ങി ജില്ലകളില്‍ ശക്തമായ മഴ മുതല്‍ അതി തീവ്രവമായ മഴവരെ പ്രവചിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ തീരത്തിന് തെക്കുപടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്ക് കാരണം. വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 35%75% അധിക മഴ തമിഴ്നാട്ടില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.