കൊച്ചി: അക്രമണങ്ങളോട് തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതക്കെതിരെ ഗവര്‍ണര്‍ ആര്‍. എന്‍ രവി. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ട് വര്‍ഷമായി കീഴടങ്ങാന്‍ വേണ്ടി പോലും ഒരു സായുധ സംഘവുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘അക്രമണങ്ങളോട് സഹിഷ്ണുതയല്ല കാണിക്കേണ്ടത്. തോക്കുപയോഗിക്കുന്നവര്‍ക്ക് തിരിച്ച് തോക്ക് കൊണ്ടു തന്നെ മറുപടി നല്‍കണം. രാജ്യത്തിന്‍റെ ഐക്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആരുമായും സര്‍ക്കാര്‍ ചര്‍ച്ചക്ക് മുതിരുന്നില്ല’- ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ സമീപനത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. അന്ന് ഒരു സംഘം തീവ്രവാദികളാല്‍ രാജ്യം മുഴുവന്‍ അപമാനിക്കപ്പെട്ടു. ആക്രമണം നടന്ന് ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും ഭീകരതയുടെ ഇരകളാണെന്ന് വ്യക്തമാക്കുന്ന സംയുക്ത വിജ്ഞാപനം ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയും പാക് പ്രധാനമന്ത്രിയും ചേര്‍ന്ന് ഒപ്പുവെച്ചു. യഥാര്‍ഥത്തില്‍ പാകിസ്താന്‍ മിത്രമാണോ അതോ ശത്രുവാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019ല്‍ നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ചു. ഭീകരാക്രമണം നടത്തിയാല്‍ അതിന് തക്കതായ മറുപടി നല്‍കാന്‍ രാജ്യത്തിന് കഴിയുമെന്ന സന്ദേശം നല്‍കാന്‍ അന്ന് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.