ചെന്നൈ: കായികതാരം ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ട സംഭവത്തില്‍ സ്റ്റാലിന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ.
സാധാരണക്കാരന്റെ ആശ്രയമായ ആശുപത്രി മുഖ്യമന്ത്രി സ്റ്റാലിന്റെ സ്വന്തം മണ്ഡലത്തിലാണെന്നത് ഗൗരവമായ വിഷയമാണ്. ആരോഗ്യരംഗത്തെ തകര്‍ച്ചയ്‌ക്ക് മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്നും അണ്ണാമലൈ പറഞ്ഞു.
രോഗിയുടെ ശാരീരിക അവസ്ഥയ്‌ക്ക് പുല്ലുവില കല്‍പ്പിക്കുന്ന അലംഭാവം കൊലപാത കത്തിന് തുല്യമാണെന്ന് അണ്ണാമലൈ ആരോപിച്ചു. ഫുട്‌ബോള്‍ താരമായ പെണ്‍കുട്ടിയാണ് ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്. 17 വയസ്സുകാരിയായ പ്രിയ.ആര്‍ എന്ന വനിതാ ഫുട്‌ബോള്‍ താരമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രകിയയ്‌ക്ക് ശേഷം മരണപ്പെട്ടത്.
കാല്‍മുട്ടിലെ ശസ്ത്രക്രിയ എങ്ങിനെ മരണത്തില്‍ കലാശിച്ചു എന്നത് തികച്ചും ദുരൂഹമായി തുടരുകയാണ്. ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് സ്ഥിതി മോശമായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരളും വൃക്കയും തകരാറിലാവുകയും പിന്നീട് ഹൃദയാഘാതംമൂലം മരണം സംഭവിച്ചുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
‘ഭാവി വാഗ്ദാനമായിരുന്ന ഒരു കായികതാരത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനി പ്പിക്കുന്നതുമാണ്. ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു എന്നും കേള്‍ക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പുറത്തുവരണം. സര്‍ക്കാര്‍ കുടുംബത്തിന് കുറഞ്ഞത് രണ്ട് കോടി രൂപ ധനസഹായം അനുവദിക്കണം’ അണ്ണാമലൈ പറഞ്ഞു.
ഒരു ശസ്ത്രക്രിയ നടത്താന്‍ ഈ ആശുപത്രിയില്‍ സൗകര്യമുണ്ടായിരുന്നോ. എന്താണ് സംഭവിച്ചത്. ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമായിരുന്നോ. ഈ സംഭവം തമിഴ്‌നാട്ടിലെ എല്ലാ ആശുപത്രികള്‍ക്കും ജനങ്ങള്‍ക്കും ഒരു പാഠമാണ്. ആശുപത്രികളെക്കുറിച്ചുള്ള ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഇത് ഒരു അവസരമാക്കിമാറ്റണമെന്നും അണ്ണാമലൈ ആഹ്വാനം ചെയ്തു.