ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍, നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന ‘മക്കള്‍ നീതിമയ്യം’ ഡി.എം.കെ മുന്നണിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം.
ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ പാര്‍ട്ടിയുടെ സംസ്ഥാന -ജില്ല ഭാരവാഹികളുടെ യോഗത്തിലാണ് കമല്‍ഹാസന്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തനിച്ച് മത്സരിച്ച് വന്‍ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന മുന്നണിയോടൊപ്പം ചേരണമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായി, സഖ്യത്തെക്കുറിച്ച് ആലോചിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നും അത് താന്‍ നോക്കിക്കൊള്ളാമെന്നും കമല്‍ഹാസന്‍ മറുപടി നല്‍കി.
പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റുന്ന നിലയിലുള്ള പ്രവര്‍ത്തനം നടത്തണം. പ്രാദേശിക പ്രശ്നങ്ങളേറ്റെടുത്ത് അവ പരിഹരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടണം. ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ നമുക്ക് വിജയിക്കാനാകൂ. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുക. സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്ക് വിടുക- കമല്‍ഹാസന്‍ വ്യക്തമാക്കി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളിലും മക്കള്‍ നീതിമയ്യം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. കോയമ്ബത്തൂര്‍ സൗത്ത് നിയമസഭ മണ്ഡലത്തില്‍ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിനാണ് ബി.ജെ.പിയിലെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്.
ഈയിടെയായി സ്റ്റാലിന്‍ കുടുംബവുമായി കമല്‍ഹാസന്‍ ഏറെ അടുപ്പത്തിലാണ്. സിനിമ മേഖലയില്‍ ഉദയ്നിധി സ്റ്റാലിനുമായി കമല്‍ഹാസന്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡി.എം.കെ സഖ്യത്തില്‍ ചേരാന്‍ അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂര്‍ മണ്ഡലത്തില്‍ കമല്‍ഹാസന്‍ സ്ഥാനാര്‍ഥിയാവുമെന്നും സൂചനയുണ്ട്. കമല്‍ഹാസന്‍റെ സാന്നിധ്യം ഡി.എം.കെ സഖ്യത്തിന് ഗുണകരമാവുമെന്നും വിലയിരുത്തലുണ്ട്.