ചെന്നൈ: ചെന്നൈ താംബരത്ത് നടന്ന ജൂവലറി മോഷണക്കേസില്‍ അസം സ്വദേശികളായ മൂന്ന് ബാലന്മാര്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് 1.50 കോടി രൂപയുടെ സ്വര്‍ണ- വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തു.
താംബരം സേലയൂര്‍ ഗൗരിവാക്കം വേളാച്ചേരി മെയിന്‍ റോഡിലെ ‘ബ്ലൂ സ്റ്റോണ്‍’ എന്ന ജൂവലറിയിലാണ് കൊള്ള നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ജൂവലറി മാനേജര്‍ ജഗതീശന്റെ മൊബൈല്‍ ഫോണില്‍ അലാറം മുഴങ്ങി. തുടര്‍ന്ന് ജഗദീശനും ജീവനക്കാരും ജൂവലറിയിലെത്തി പരിശോധിച്ചു. കൊള്ള നടന്നതായി മനസ്സിലാക്കിയ ജഗദീശന്‍ പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ജൂവലറി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ലിഫ്റ്റ് കണക്ഷന്‍ ലൈനിലെ പൈപ്പിലൂടെ ഇറങ്ങിയാണ് പ്രതികള്‍ ജൂവലറിയില്‍ മോഷണം നടത്തിയത്. ഷോക്കേസുകളിലും മറ്റുമായി വെച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ലോക്കറുകളില്‍ രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ഒന്നര കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
സി.സി.ടി.വി കാമറകള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ ധരിച്ചിരുന്ന ടീഷര്‍ട്ടുകള്‍ തിരിച്ചറിഞ്ഞ് മൂന്നു മണിക്കൂറിനകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജൂവലറിയുടെ മുന്‍വശത്തെ ശീതളപാനീയ കടയിലാണ് 18 വയസ്സിന് താഴെയുള്ള മൂവരും ജോലിചെയ്തിരുന്നത്.