ചെന്നൈ: അധ്യാപിക ‘കള്ളി’ എന്ന് വിളിച്ചതിന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടി.
തമിഴ്നാട് കരൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിലെ പരിപാടിക്കിടെ ഫോണ്‍ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ആത്മഹത്യക്ക് മുമ്ബ് കാരണം വിശദീകരിച്ച് പെണ്‍കുട്ടി പകര്‍ത്തിയ വിഡിയോയും വൈറലാണ്. “ഞങ്ങളുടെ സ്‌കൂളില്‍ പരിപാടികള്‍ നടക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി വന്ന് പരിപാടിയുടെ വിഡിയോ എടുത്ത് തരാന്‍ പറഞ്ഞു. ആദ്യം അത് നിരസിച്ചു. അപ്പോള്‍ മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറാന്‍ എന്നോട് ആവശ്യപ്പെട്ടു. ഫോണ്‍ കൈമാറേണ്ട ആള്‍ അകലെയായിരുന്നതിനാല്‍ ഞാന്‍ തന്നെ വിഡിയോ എടുത്തു. ഇതാണ് ടീച്ചര്‍ കണ്ടത്. ഞാന്‍ വിഡിയോയെടുക്കുന്നത് കണ്ട് ടീച്ചര്‍ എന്ന ശകാരിച്ചു. മറ്റൊരു കുട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണെന്ന് പറഞ്ഞിട്ടും ടീച്ചര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ കള്ളിയെന്ന് വിളിച്ച് അധിക്ഷേപിച്ചത് വിഷമിപ്പിച്ചു”, വിഡിയോയില്‍ കുട്ടി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.