തമിഴ്നാട്: ഈറോഡിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് പതിവായി കുളിമുറിയും വാട്ടര്‍ ടാങ്കും വൃത്തിയാക്കിക്കുന്നതായി ആരോപണം.
സംഭവം പുറത്തറിഞ്ഞതോടെ സ്കൂള്‍ ഹെഡ്മിസ്ട്രസിനെ സസ്പെന്‍ഡ് ചെയ്യുകയും പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ പെരുന്തുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കുട്ടിയോട് മാതാപിതാക്കള്‍ ചോദിച്ചു. അപ്പോള്‍ താനുള്‍പ്പെടെയുള്ള കുട്ടികളെ, ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ടോയ്ലെറ്റും വാട്ടര്‍ ടാങ്കും വൃത്തിയാക്കാന്‍ നിയോഗിച്ചിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളോട് വിവരം തിരക്കിയപ്പോള്‍ വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
സ്കൂളിലെ പ്രധാന അധ്യാപികയാണ് ഇതിന് തങ്ങളെ നിര്‍ബന്ധിച്ചതെന്നും കുട്ടികള്‍ പറയുന്നു. നിരവധി തവണ ശുചിമുറി വൃത്തിയാക്കിച്ചു എന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. പ്രധാന അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു.