ചെന്നൈ: ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിച്ച കേസില്‍ ഒളിവിലായിരുന്ന പ്രഥമാധ്യാപികയെ പോലീസ് അറസ്റ്റുചെയ്തു.തമിഴ്നാട് ഇറോഡ് ജില്ലയിലെ പാലക്കരൈയിലെ പഞ്ചായത്ത് യൂണിയന്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക ഗീതാറാണിയാണ് ശനിയാഴ്ച അറസ്റ്റിലായത്. പട്ടികജാതിയില്‍പ്പെട്ട ആറു വിദ്യാര്‍ഥികളെക്കൊണ്ടാണ് ഇവര്‍ സ്‌കൂളിലെ ശൗചാലയം കഴുകിച്ചിരുന്നത് . സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നവംബര്‍ 30- ന് ഗീതാറാണിയെ സസ്‌പെന്‍ഡ് ചെയ്തു. ഒളിവില്‍പ്പോയ ഇവരെ ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്.
കുട്ടികളിലൊരാളുടെ രക്ഷാകര്‍ത്താവായ ജയന്തി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന് ഡെങ്കിപ്പനി വന്നെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഈ വിവരം വെളിപ്പെട്ടതെന്നും ജയന്തി പറയുന്നു. ശൗചാലയം കഴുകാന്‍ പോകുന്നതുകൊണ്ടാണ് കൊതുകുകടിയേറ്റതെന്ന് മകന്‍ പറഞ്ഞു. ബാലാവകാശ നിയമപ്രകാരവും പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.