ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റിനു മുന്നില്‍ പതറാതെ നിന്ന തമിഴ്‌നാട്, കൃത്യമായ മുന്നൊരുക്കങ്ങളിലൂടെയും ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിനു മാതൃകയായി.മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരിട്ടിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
മഹാബലിപുരത്തിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലൂടെ കരയിലെത്തി 70 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിനൊപ്പം മഴയും മത്സരിച്ചു പെയ്തിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച പുലര്‍ചെ വരെ ആശങ്ക നിലനിന്നെങ്കിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ജനങ്ങളെ തുണച്ചു. കാറ്റും മഴയും പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയായതോടെ ശനിയാഴ്ച രാവിലെ തന്നെ നാട് പഴയ സ്ഥിതിയിലേക്കു മടങ്ങിയെത്തി.
180ല്‍ ഏറെ വീടുകളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നത്. ചെന്നൈ നഗരത്തില്‍ മാത്രം മൂന്നൂറോളം മരങ്ങള്‍ കടപുഴക്കി. മെട്രോ സ്റ്റേഷനുകള്‍ക്കു കേടുപാടുണ്ടായി. രണ്ട് സ്ത്രീകള്‍ അടക്കം ആറുപേര്‍ മരിച്ചു. 14 വിമാനങ്ങള്‍ ബെംഗ്ലൂറിലേക്കും ഹൈദരാബാദിലേക്കും തിരിച്ചുവിട്ടു.
ചെന്നൈ മെട്രോ, സബേര്‍ബന്‍, ബസ് സര്‍വീസുകള്‍ തടസപ്പെട്ടില്ല. ഉച്ചയോടെ മിക്ക മേഖലകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. 25000 തൊഴിലാളികളെയാണു ചെന്നൈയില്‍ മാത്രം വിവിധ സേവനങ്ങള്‍ക്കായി വിന്യസിച്ചത്.