ചെന്നൈ : തമിഴ്നാട്ടില്‍ വിദ്യാഭ്യാസ മന്ത്രിക്കു പോകാന്‍ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തിയത് വിവാദമായി. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെയാണ് മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതിനായി മറ്റ് വാഹനങ്ങള്‍ക്കൊപ്പം ആംബുലന്‍സ് തടഞ്ഞത്.
ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലന്‍സ് തടഞ്ഞിട്ടത്. സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്ന് പോകാനാണ് പൊലീസ് ഈ ക്രൂരത ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങള്‍ മന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും രണ്ട് മിനിട്ടു നേരത്തേക്ക് നിര്‍ത്തിയിട്ടതു വഴി അപകട സാദ്ധ്യത തടഞ്ഞതായി പൊലീസ് വിശദീകരിക്കുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ തഞ്ചാവൂര്‍ പൊലീസ് സൂപ്രണ്ട് ജി രവലി പ്രിയ വിശദീകരണം തേടിയിട്ടുണ്ട്. സൈറണുകള്‍ മുഴക്കി ആംബുലന്‍സ് എത്തുന്നതും, ഉടന്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞു നിര്‍ത്തുന്നതും വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.