ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഇരായൂര്‍ ഗ്രാമത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വച്ച കുടിവെള്ളത്തിന്റെ ടാങ്കില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തി ക്രൂരത.നൂറോളം പേര്‍ക്കു കുടിവെള്ളം എത്തിക്കുന്ന 10,000 ലീറ്ററിന്റെ ടാങ്കിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വിസര്‍ജ്യം നിക്ഷേപിച്ചത്.
10,000 ലീറ്ററിന്റെ ടാങ്കിനുള്ളില്‍ വലിയ അളവില്‍ വിസര്‍ജ്യം കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് പുതുക്കോട്ടൈ കലക്ടര്‍ കവിത രാമുവും ജില്ലാ പൊലീസ് മേധാവി വന്ദിത പാണ്ഡെയും മധ്യ തമിഴ്നാട്ടിലെ ഇരായുര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച എത്തിയിരുന്നു.
അടുത്തിടെ, ഗ്രാമത്തിലെ കുട്ടികള്‍ക്ക് രോഗം പിടിപെട്ടിരുന്നു. കുടിവെള്ളത്തിന്റെ പ്രശ്നമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് ഗ്രാമീണര്‍ ടാങ്കിനു മുകളില്‍ക്കയറി ഉള്‍വശം പരിശോധിച്ചത്.
”ഉയര്‍ന്ന അളവില്‍ വിസര്‍ജ്യം ടാങ്കിനുള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്. വെള്ളം മഞ്ഞനിറത്തിലായി. അതു മനസ്സിലാക്കാതെ ഒരാഴ്ചയോ അതില്‍ക്കൂടുതലോ ആയി ജനങ്ങള്‍ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ രോഗബാധിതരാകാന്‍ തുടങ്ങിയപ്പോഴാണ് സത്യം പുറത്തുവന്നത്” – പ്രദേശത്തെ രാഷ്ട്രീയപ്രവര്‍ത്തക മോക്ഷ ഗുണവലഗന്‍ പറയുന്നു.
പ്രദേശത്തെ ചായക്കടയില്‍ രണ്ടു തരത്തിലുള്ള ഗ്ലാസ് ഉണ്ട് – ഒന്ന് ദലിതര്‍ക്കു ഉപയോഗിക്കാന്‍ മാത്രമുള്ളതാണ്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഇപ്പോഴും ദലിതര്‍ക്കു പ്രവേശനം അനുവദിച്ചിട്ടില്ല.