ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങള്‍ ദിനം പ്രതി വര്‍ധിച്ചുവരികയാണെന്ന വിലയിരുത്തലുമായി കേന്ദ്രം. 2021ല്‍ മാത്രം 4.12 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. ഏകദേശം 1.5 ലക്ഷം പേര് കൊല്ലപ്പെടുകയും 3.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2020 ല്‍ 3.6 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അരലക്ഷത്തോളം അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
2020 ല്‍ ഓരോ 100 അപകടങ്ങളില്‍ 36 മരണങ്ങള് ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ല്‍ 37 മരണങ്ങളായി ഉയര്‍ന്നു. 2021 ല്‍ രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും തമിഴ്നാടാണ് (55,682) ഒന്നാമത്. മധ്യപ്രദേശ് (48,877), ഉത്തര്‍പ്രദേശ് (37,729), കര്‍ണാടക (34,647) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. മിസോറാമിലാണ് ഏറ്റവും കുറവ് അപകടങ്ങള്‍- 69. സംസ്ഥാന പൊലീസ് വകുപ്പുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.