ചെന്നൈ: സംസ്ഥാന സര്‍ക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിയെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊണ്ടുവന്ന പ്രമേയം ഇന്ത്യക്കുതന്നെ മാതൃകയാണെന്ന് ബുധനാഴ്ച നിയമസഭയില്‍ സ്പീക്കര്‍ എം. അപ്പാവു പ്രസ്താവിച്ചു.
ഭരണഘടനയും നിയമസഭാചട്ടങ്ങളും അനുസരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തുന്നത്. ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ സ്പീക്കര്‍ക്ക് നടപടിയെടുക്കാം. നിയമസഭയില്‍ മുമ്ബും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്.
1988ല്‍ ഫാത്തിമ ബീവി ഗവര്‍ണറായിരിക്കെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയിലെ ഇരിപ്പിടങ്ങളില്‍ കയറിനിന്ന് കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. 2012ല്‍ ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാലയെ ധര്‍മസങ്കടത്തിലാക്കുന്ന വിധത്തില്‍ സഭാങ്കണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചു.
ജനുവരി ഒമ്ബതിന് ഗവര്‍ണര്‍ സന്നിഹിതരായിരിക്കെയാണ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചത്. മുന്‍കാലങ്ങളിലേതുപോലെ അനിഷ്ട സംഭവങ്ങളോ ധര്‍ണയോ കുത്തിയിരിപ്പ് സമരമോ നടന്നിട്ടില്ല. 1995ല്‍ നിയമസഭാചട്ടം 92-7 ഭേദഗതി ചെയ്തത് രാഷ്ട്രപതി, ഗവര്‍ണര്‍, ന്യായാധിപന്‍മാര്‍ എന്നിവരുടെ അന്തസ്സ് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
അസാധാരണമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ അവസരോചിതമായ തീരുമാനമെടുത്ത് പ്രമേയം കൊണ്ടുവന്ന് പാസാക്കി. നിയമസഭാചട്ടം 17ല്‍ ഇളവ് വരുത്തി സ്പീക്കര്‍ വായിച്ച അച്ചടിക്കപ്പെട്ട തമിഴ് പതിപ്പ് മാത്രം നിയമസഭ രേഖയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു സ്റ്റാലിന്‍റെ പ്രമേയം.
ഇത് തമിഴ്നാടിന് മാത്രമല്ല, ഇന്ത്യക്കുതന്നെ മാതൃകയാണ്. ഭാവിയില്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നിയമസഭ സാമാജികര്‍ മാന്യമായി പെരുമാറണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. പിന്നീട് ഗവര്‍ണറുടെ നടപടിയില്‍ സഭ ഖേദിക്കുന്നതായും മുഖ്യമന്ത്രിയുടെ പ്രമേയത്തെ തുടര്‍ന്ന് സ്പീക്കര്‍ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തമിഴ് പരിഭാഷ പൂര്‍ണമായും അംഗീകരിച്ചും സഭ പ്രമേയം പാസാക്കി.