ചെന്നൈ: 46ാമത് ചെന്നൈ ബുക്ക് ഫെയറില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പവലിയന്‍. തമിഴ്നാട് സര്‍ക്കാറിന്റെ സഹകരണത്തോടെ ബുക്ക് സെല്ലേഴ്സ് ആന്റ് പബ്ലിഷേഴ്സ് അസോസിയേഷന്‍ ഓഫ് സൗത് ഇന്ത്യ സംഘടിപ്പിക്കുന്നതാണ് ചെന്നൈ ബുക്ക് ഫെയര്‍. പ്രശസ്തമായ ബുക്ക് ഫെയറിന്റെ 46ാമത് എഡിഷനിലാണ് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പവലിയന്‍ ലഭിച്ചത്.
ക്വിര്‍ പബ്ലിഷിങ് ഹൗസിന്റെ പവലിയനില്‍ രാജ്യത്ത് ആകത്താകമാനമുള്ള ട്രാന്‍സ്ജെന്‍ഡര്‍ എഴുത്തുകാരുടെ പുസ്തകങ്ങളുണ്ടെന്ന് ട്രാന്‍സ് റൈറ്റ് നൗ കലക്ടീവിന്റെ അധ്യക്ഷ ഗ്രേസ് ബാനു പറഞ്ഞു. മലയാളിയായ
വിജയരാജമല്ലിക ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച പുസ്തകമടക്കം എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയിലെ 50 ഓളം പേരുടെ 1000 ഓളം പുസ്തകങ്ങള്‍ വില്‍പ്പനക്കുണ്ട്.
കഥകള്‍, കവിതകള്‍, ജീവിതാനുഭവങ്ങള്‍, പ്രണയം, ട്രാന്‍സ്ജെന്‍ഡര്‍ ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള ബുക്കുകള്‍ സ്റ്റാളിലുണ്ട്. അന്തരം ഫെയിമും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ നേഹയുടെ ആര്‍.ഐ.പി, ടീച്ചര്‍ ട്രെയിനിങ് കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ഒരു കലയിന്‍ കവിതകള്‍ (പോയംസ് ഓഫ് ബ്രീഡ്), രാജ്യത്തെ ആദ്യ ട്രാന്‍സ്മെന്റെ കവിത എന്നിലിരുന്തവര്‍, ട്രാന്‍സ് റൈറ്റ് നൗ ഭാരവാഹി ഗ്രേസ് ബാനുവിന്റെ ട്രാന്‍സ് ഓഫ് ഗ്രേസ് ബാനു തുടങ്ങിയ പുസ്തകങ്ങള്‍ അവയില്‍ ചിലതാണ്.
പൊതുജനങ്ങള്‍ സ്റ്റാള്‍ സന്ദര്‍ശിക്കുക മാത്രമല്ല, ബുക്കുകള്‍ വാങ്ങുകയും തങ്ങളുടെ വാക്കുകള്‍ വായിക്കുകയും ചെയ്യുന്നു. വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് ഗ്രേസ് ബാനു പറഞ്ഞു. പാ രഞ്ജിത് അടക്കമുള്ള പ്രമുഖരും സ്റ്റാള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 22 ന് ബുക്ക് ഫെയര്‍ അവസാനിക്കും.