ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അച്ചടക്ക നടപടിയുമായി ഡിഎംകെ. ഗവര്‍ണര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ സെക്രട്ടറി ദുരൈ മുരുകനാണ് നടപടി അറിയിച്ചത്. ശിവാജി കൃഷ്ണമൂര്‍ത്തിയെ എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും താല്‍കാലികമായി നീക്കി.
അംബേദ്കറുടെ പേര് ഉച്ചരിക്കാന്‍ ഗവര്‍ണര്‍ക്ക് മടിയാണെങ്കില്‍ അദ്ദേഹം കശ്മീരിന് പോകട്ടെ, അയാളെ വെടിവച്ചിടാന്‍ ഒരു തീവ്രവാദിയെ ഞങ്ങളയക്കാം എന്നായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തി ഒരു പ്രസംഗത്തിനിടെ പറഞ്ഞത്. ഗവര്‍ണര്‍ക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂര്‍ണമായി ഗവര്‍ണര്‍ വായിച്ചിരുന്നെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ കാലില്‍ പൂക്കള്‍ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു ശിവാജിയുടെ വിവാദ പരാമര്‍ശം.
ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ ഗവര്‍ണറുടെ സെക്രട്ടറി പ്രസന്ന രാമസ്വാമി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡിഎംകെ സര്‍ക്കാരിന് നട്ടെല്ലുണ്ടെങ്കില്‍ ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ ഗുണ്ടാ ആക്‌ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിന്റെ അനുമതിയോടെയാണ് ഡിഎംകെ നേതാവിന്റെ പരാമര്‍ശമെന്നാണ് ബിജെപിയുടെ ആരോപണം.