Home Featured ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ; എം.പി സ്ഥാനം ലക്ഷ്യമിട്ട് കമല്‍ഹാസന്‍

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ; എം.പി സ്ഥാനം ലക്ഷ്യമിട്ട് കമല്‍ഹാസന്‍

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ഡി.എം.കെ സഖ്യ സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി. കോണ്‍ഗ്രസ് പിന്തുണയോടെ എംപി സ്ഥാനം കമല്‍ഹാസന്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഭാവിയില്‍ കോണ്‍ഗ്രസില്‍ നിന്ന് എം.പി സീറ്റ് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കമല്‍ഹാസന്‍റെ മറുപടിയിങ്ങനെ- “എന്തുകൊണ്ട് അത് ഞാനായിക്കൂടാ? ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഞങ്ങള്‍ കോണ്‍ഗ്രസ് – ഡി.എം.കെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നു”. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കഴിഞ്ഞ മാസം നടക്കുകയുണ്ടായി.

ഇ.വി.കെ.എസ് ഇളങ്കോവനാണ് ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് – ഡി.എം.കെ സ്ഥാനാര്‍ഥി. ജനുവരി 23ന് ആല്‍വാര്‍പേട്ടിലെ ഓഫീസില്‍ വെച്ച്‌ ഇളങ്കോവന്‍ കമല്‍ഹാസനെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. എം.എന്‍.എം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നുവെന്ന് കമല്‍ഹാസന്‍ അറിയിച്ചത്.

ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഐകകണ്ഠ്യേന തീരുമാനിച്ചു. ഇതാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. 2024ലെ പൊതുതെരഞ്ഞെടുപ്പിലും പിന്തുണ തുടരുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാവില്ലെന്നും ഇനിയും ഒരു വര്‍ഷമുണ്ടല്ലോയെന്നും അദ്ദേഹം മറുപടി നല്‍കി.

കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കുമെതിരായ മുന്‍കാല വിമര്‍ശനങ്ങളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കമല്‍ഹാസന്‍റെ മറുപടിയിങ്ങനെ- “വലിയ ലക്ഷ്യത്തിനായുള്ള പോരാട്ടമാണിത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒരുമിക്കുകയെന്നതു ദേശീയ പ്രാധാന്യമുള്ളതാണ്. അതിനായി ചെറിയ വ്യത്യാസങ്ങള്‍ മറക്കാന്‍ ഞാന്‍ തയ്യാറാണ്. അതിനര്‍ത്ഥം അഴിമതിക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തില്ല എന്നല്ല. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ മിണ്ടാതിരിക്കും എന്നല്ല. എന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യമാണ്”.

ഈറോഡ് (ഈസ്റ്റ്) നിയമസഭാ മണ്ഡലത്തില്‍ ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ്. 2004ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇളങ്കോവന്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെ ടി.എന്‍.സി.സി പ്രസിഡന്റായിരുന്നു. 1985ല്‍ സത്യമംഗലം നിയമസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തേനി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം എ.ഐ.എ.ഡി.എം.കെയുടെ പി രവീന്ദ്രനാഥ് കുമാറിനോട് പരാജയപ്പെട്ടു. താന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മകന്‍ സഞ്ജയ് സമ്ബത്തിന് ടിക്കറ്റ് നല്‍കണമെന്നും ഇളങ്കോവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇളങ്കോവനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് – ഡി.എം.കെ സഖ്യം തീരുമാനിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp