ചെന്നൈ: തമിഴ്നാട്ടിലെ വേങ്ങൈവയലില്‍ ദലിതര്‍ക്ക് കുടിവെള്ളം നല്കുന്ന ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കില്‍ മനുഷ്യ വിസര്‍ജ്ജനം കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ രംഗത്ത്.
ഡിസംബര്‍ 21നാണ് സംഭവം റിപ്പോര്‍ട്ട് ചെയതത്. എന്നാല്‍ നാളിതുവരെയായിട്ടും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലൈന്നും സംഘടനകള്‍ ആരോപിച്ചു.
തമിഴ്നാട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ദലിത് സമുദായത്തില്‍പ്പെട്ട ചിലരില്‍ കേസ് കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായും ദലിത് സംഘടനകള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികളില്‍ തങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്നും സംഘടനകള്‍ പറഞ്ഞു.
മനുഷ്യവിസര്‍ജ്ജനം കണ്ടെത്തിയ വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കണമെന്ന് വി.സി.കെ ആവശ്യപ്പെട്ടു. ടാങ്ക് ദലിതരെ അപമാനിക്കുന്നതിന്റെ പ്രതീകമാണെന്നും ഇത് പൊളിക്കണമെന്നും വിസികെ നേതാവും പാര്‍ലമെന്റ് അംഗവുമായ തോല് തിരുമാവളവന് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് രാഷ്ട്രീയ പാര്‍ട്ടിയായ വിടുതലൈ ചിരുതൈകള്‍ കച്ചി ഈ നടപടിക്കെതിരെ നിരവധി പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.
തമിഴ്നാട്ടിലെ പല ഗ്രാമപ്രദേശങ്ങളിലും ദലിതര്‍ക്ക് പ്രത്യേക ഗ്ലാസുകളില്‍ ചായയും കാപ്പിയും നല്കുന്ന സമ്ബ്രദായം ഇപ്പോഴും നിലവിലുണ്ട്.