പുതുച്ചേരി: അദ്ധ്യയന വര്‍ഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി ഡിഎംകെ എംഎല്‍എമാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി സ്കൂള്‍ യൂണിഫോമും ഐഡി കാര്‍ഡും ധരിച്ച് സൈക്കിള്‍ ചവിട്ടിയാണ് എംഎല്‍എമാര്‍ സഭയിലെത്തിയത്.
സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, സൈക്കിള്‍, ലാപ്‌ടോപ് എന്നിവ നല്‍കുന്നതിലെ കാലതാമസം, സ്‌കൂള്‍ ബസുകളുടെ ഓപ്പറേഷന്‍ എന്നിവയും ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് മുഖ്യമന്ത്രി എന്‍ രംഗസാമിയും മന്ത്രിമാരും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളായ എം വൈദ്യനാഥനും രമേഷ് പറമ്ബത്തും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. തുടര്‍ന്ന് ഡിഎംകെ അംഗങ്ങളായ ശിവ, എഎംഎച്ച് നസീം, അനിബാല്‍ കെന്നഡി, ആര്‍ സമ്ബത്ത്, ആര്‍ സെന്തില്‍ കുമാര്‍, എം നാഗത്യാഗരാജന്‍ എന്നിവരും വാക്കൗട്ട് നടത്തി.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന് താല്‍പര്യമെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. ബിജെപി-എഐഎന്‍ആര്‍സി സഖ്യ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികളോടുള്ള നിലപാടില്‍ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നതെന്നും, എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.