ചെന്നൈ : കുറുക്കുപ്പേട്ടയിൽ റെയിൽവേ ലെവൽക്രോസിന് മുകളിലായി മേൽപ്പാലം നിർമിക്കുമെന്ന് ചെന്നെ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. 840 മീറ്റർ നീളവും 8.4 മീറ്റർ വീതിയിലുമായാണ് ഇത് നിർമിക്കുന്നത്. നിർമാണത്തിനായി 96.4 കോടി രൂപ അനുവദിച്ചു. ഇതിനായി ടെൻഡർ ക്ഷണിച്ചതായും അധികൃതർ അറിയിച്ചു. നിർമാണത്തിനായി തയ്യാറാക്കിയ രൂപരേഖ മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധസംഘം പരിശോധിക്കും.
ലെവൽക്രോസിൽ തീവണ്ടികൾ പോകുമ്പോൾ റെയിൽവേഗേറ്റ് അടച്ചിട്ടാൽ ചിലഘട്ടങ്ങളിൽ ഗേറ്റ് തുറക്കാനായി 15 മുതൽ 20 മിനിറ്റുവരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. മേൽപ്പാലം നിർമിച്ചാൽ തണ്ടയാർപ്പേട്ടയിൽനിന്ന് മണലിറോഡിലൂടെ എളുപ്പത്തിൽ കൊടുങ്ങയ്യൂർ, മാധാവരം, പെരമ്പൂർ, മൂലക്കട, വ്യാസർപ്പാടി ഭാഗങ്ങളിലേക്ക് പോകാൻകഴിയും. കുറുക്കുപ്പേട്ടയിൽ നിർമാണം പൂർത്തിയായാൽ സമീപത്തെ വൈത്തിലിംഗം മേൽപ്പാലത്തിന് സമീപത്തുള്ള ലെവൽക്രോസിലും മേൽപ്പാലം നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.