ചെന്നൈ : ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും കനത്ത മൂടൽമഞ്ഞ് വിമാനസർവീസുകളെ ബാധിച്ചു. ചെന്നൈ വിമാനത്താവളത്തിലെ റൺവേയിൽ മഞ്ഞ് മൂടിയതു കാരണം ചൊവ്വാഴ്ച രാവിലെ എട്ടു വരെ വിമാനങ്ങൾ വൈകി. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ അര മണിക്കൂർ വൈകിയാണ് ചെന്നൈയിൽ ഇറങ്ങിയത്.
ചെന്നൈയിൽനിന്ന് രാവിലെ പുറപ്പെടാനിരുന്ന ചില വിമാനങ്ങളും മൂടൽമഞ്ഞുമൂലം വൈകി. കുറച്ചു ദിവസമായി ചെന്നൈയിലും പരിസരങ്ങളിലും മൂടൽമഞ്ഞ് കൂടുതലായുണ്ട്. വാഹനയാത്രക്കാരെയും ഇതു കാര്യമായി ബാധിക്കുന്നുണ്ട്. ഹെഡ്ലൈറ്റിട്ട് വേഗം കുറച്ചാണ് വാഹനങ്ങൾ രാവിലെ ഓടുന്നത്.
അതേസമയം അഞ്ചുദിവസം കൂടി ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മൂടൽമഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏതാനും ദിവസങ്ങളിൽ വേനൽക്കാലം ആരംഭിക്കുമെന്നതിനാൽതാപനില സാധാരണ നിലയിലും താഴെയാവാനാണ് സാധ്യത. ചൊവ്വാഴ്ച ചെന്നൈ നുങ്കമ്പാക്കത്ത് 25 മുതൽ 29 ഡിഗ്രി സെൽഷ്യസു വരെയായിരുന്നു താപനില. ചെന്നെ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കന്യാകുമാരി, നാഗപട്ടണം, കടലൂർ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ കാറ്റിന്റെ ഗതി മാറുന്നതിനാൽ ഉയർന്ന താപനില ഉണ്ടാവാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.